സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി ബീച്ചില്‍ ഒരുക്കിയ ഉല്‍പന്ന പ്രദര്‍ശന വാണിജ്യമേള തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 150 സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ 70ഓളം വകുപ്പുകളുടെയും ഏജന്‍സികളുടെയും മിഷനുകളുടേതുമാണ് 150 സ്റ്റാളുകള്‍. ആയിരം ദിവസങ്ങളില്‍ നടപ്പാക്കിയ  വികസന നേട്ടങ്ങളുടെ ചിത്രങ്ങളും, വിവിരണങ്ങളും, സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളുടെ പ്രദര്‍ശനവും വില്പനയുമടങ്ങുന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റാളുകള്‍ കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമായി സര്‍ഗ്ഗാലയുടെ സ്റ്റാളുകള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, പൊലീസ്, ട്രാഫിക്,കുടുംബശ്രീ, എന്നീ വകുപ്പുകളുടെ സ്റ്റാളുകള്‍ മേളയില്‍ പ്രത്യേക ശ്രദ്ധ നേടി. വിവിധ വകുപ്പുകളുടെ ഉല്‍പന്നങ്ങള്‍ കാണാനും വാങ്ങാനും പതിനായിരക്കണക്കിന് ആളുകളാണ് മേളയിലേക്ക് എത്തിയത്. ജില്ലാകുടുംബശ്രീ മിഷന്‍ 20 സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയത്. കുടുംബശ്രീ അംഗങ്ങള്‍ നിര്‍മ്മിച്ച ഭക്ഷ്യ വസ്തുക്കള്‍, കരകൗശല വസ്തുക്കള്‍ എന്നിവയും മേളയില്‍ പ്രധാന ആകര്‍ഷണങ്ങളാണ്.