കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന അഗ്രോ ബസാറിന്റെ സേവനം ശനിയാഴ്ച (ഡിസംബര്‍ 16) മുതല്‍ ജില്ലയിലെ ജനങ്ങള്‍ക്ക് ലഭ്യമാവും. ഇതിന്റെ ഉദ്ഘാടനം തൃശൂര്‍ ചെമ്പൂക്കാവ് അഗ്രികള്‍ച്ചറര്‍ കോംപ്ലകസില്‍ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന് കാര്‍ഷിക ഉപകരണം നല്‍കി ആദ്യ വില്‍പ്പന നടത്തും. മേയര്‍ അജിത ജയരാജന്‍, എം പി മാരായ സി എന്‍ ജയദേവന്‍, പി കെ ബിജു, ഇന്നസെന്റ് എം എല്‍ എ മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ കാര്‍ഷികോല്‍പ്പാദന കമ്മീഷണര്‍ ടിക്കാറാം മീണ തുടങ്ങിയവര്‍ പങ്കെടുക്കും.
വിത്ത്, വളം, കീടനാശിനി, നടീല്‍ വസ്തുക്കള്‍, കാര്‍ഷിക യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, പമ്പ് സെറ്റ്, മറ്റ് ഇറിഗേഷന്‍ ഉപകരണങ്ങള്‍ ഇവയെല്ലാം ഗുണമേന്മയോടു കൂടി മിതമായ വിലയില്‍ ബസാര്‍ മുഖേന കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും കോര്‍പ്പറേഷന്‍ ലഭ്യമാക്കും.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ എല്ലാ വിഭവങ്ങളും ഈ അഗ്രോ ഹൈപ്പര്‍ ബസാറില്‍ ലഭിക്കും. കൃഷി വകുപ്പിന് കീഴിലുളള ഒട്ടുമിക്ക പൊതുമേഖലാ സ്ഥാപനങ്ങളിലേയും മറ്റ് വകുപ്പുകളിലെ ഉല്‍പ്പന്നങ്ങള്‍ ഇവിടെ ഉണ്ടായിരിക്കും. സംസ്ഥാന സര്‍ക്കാരിന് കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവരുടെ ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിറ്റഴിക്കുന്നതിനും ആവശ്യമായ സൗകര്യമുണ്ട്.
വി എഫ് പി സി കെ യുടെയും, കാര്‍ഷിക സര്‍വകലാശാലയുടെയും കൃഷി വകുപ്പിന്റെയും കീഴിലുളള ഫാമുകളില്‍ നിന്നുളള വിവിധയിനം വിത്തുകള്‍, ഹൈബ്രിഡ് വിത്തുകള്‍, വിവിധതരം ചെടിച്ചട്ടികള്‍, പോട്ടിംഗ് മിശ്രിതം, ചാണകപ്പൊടി, കോഴിവളം, മണ്ണിര കമ്പോസ്റ്റ്, മറ്റ് ജൈവ വളങ്ങള്‍, വേപ്പിന്‍ പിണാക്ക്, ബയോ ഫെര്‍ട്ടിലൈസേഴ്‌സ്, ജൈവ കീടനാശിനികള്‍ തുടങ്ങി കാര്‍ഷികവൃത്തിക്കാവശ്യമായ എല്ലാ ഉപാധികളുമുണ്ടായിരിക്കും. വിത്ത്, വളം എന്നിവ തേടി കര്‍ഷകരും പൊതുജനങ്ങളും ലഭിക്കും. കൃഷിക്ക് ആവശ്യമുളള ഗുണമന്മേയുളള എല്ലാ ഉല്‍പ്പന്നങ്ങളും മിതമായ നിരക്കില്‍ ലഭിക്കും. കൂടാതെ ആധുനിക രീതിയിലുളള കാര്‍ഷിക യന്ത്രങ്ങളേയും, സാമഗ്രികളേയും കുറിച്ച് മനസ്സിലാക്കുന്നതിനും അവയുടെ പ്രവര്‍ത്തന രീതി മനസ്സിലാക്കുന്നതിനുളള സജ്ജീകരണങ്ങള്‍ ഈ അഗ്രോ ഹൈപ്പര്‍ ബസാറിലുണ്ട്.