ഹൃദ്യം പദ്ധതിയിലുടെ സർജറി കഴിഞ്ഞ കുട്ടികളുടെയും മാതാപിതാക്കളുടെയും സംഗമം ഹൃദയഹാരിയായി. മാനന്തവാടി പഴശ്ശി പാർക്കിലൊരുക്കിയ വേദിയിൽ കുസൃതികളുമായി അവർ ഒത്തു ചേർന്നപ്പോൾ മന്ത്രി അടക്കമുള്ള അതിഥികൾക്കും കൗതുകമായി. ഹൃദ്യം കുരുന്നു സംഗമം മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. സർജറിക്കു ശേഷം ആദ്യ പിറന്നാൾ ആഘോഷിക്കുന്ന തരിയോട് സ്വദേശി മുഹമ്മദ് ഇഷാന് മന്ത്രി കേക്ക് മുറിച്ചു നൽകി. തുടർന്ന് എല്ലാവരും സദ്യ കഴിച്ച് സ്നേഹാദരം പങ്കിട്ടാണ് പിരിഞ്ഞത്.
ഹൃദയ സംബന്ധമായ ശസ്ത്രക്രിയ ആവശ്യമായ കുട്ടികൾക്കാണ് ഹൃദ്യം പദ്ധതിയിലൂടെ സർക്കാർ സൗജന്യ ചികിത്സ ലഭ്യമാക്കിയത്. സംസ്ഥാന തലത്തിൽ 8500 കുട്ടികൾ പദ്ധതിയിലൂടെ സഹായം ലഭിച്ചിട്ടുണ്ട്. ജില്ലയിൽ നിന്നും 35 കുട്ടികൾക്കും ഹൃദയ സംബന്ധമായ ശസ്ത്രക്രിയയ്ക്കായി സഹായം ലഭിച്ചു. പരിപാടിയിൽ ഒ.ആർ കേളു എം.എൽ.എ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.