കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ രൂപീകരിച്ച പടിഞ്ഞാറത്തറ കുറുമണിയിലെ ബാപ്‌കോ (ബാണാ അഗ്രോ ആൻഡ് അലൈഡ് പ്രൊഡ്യൂസർ കമ്പനി) തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ നാടിനു സമർപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗാമായാണ് ഉദ്ഘാടനം. പുതിയ സംരംഭങ്ങൾക്കും ക്ഷീരകർഷകർക്കും സർക്കാർ വകുപ്പുകളുടെ സഹായം പരമാവധി പ്രയോജനപ്പെടുത്താൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു. ഇതിനു കുടുംബശ്രീ മുൻകൈയെടുക്കണം. കുടുംബശ്രീ ഉൽപന്നങ്ങളുടെ മാർക്കറ്റിങ് വിപുലമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിലൂടെ കൂടുതൽ പേർക്ക് തൊഴിലവസരമുണ്ടാവും. കൺസ്യൂമർ ഫെഡ്, സിവിൽസപ്ലൈസ്, സഹകരണവകുപ്പ് വിൽപനശാലകളിലൂടെ കുടുംബശ്രീ ഉൽപന്നങ്ങൾ വിപണനം ചെയ്യാനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്. സർക്കാർ പ്രഖ്യാപിച്ച വയനാട് പാക്കേജിൽ കുടുംബശ്രീ പ്രവർത്തകർക്ക് എങ്ങനെ ഇടപെടാമെന്നതിനെക്കുറിച്ച് പഠിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുടുംബശ്രീ കൺസ്ട്രക്ഷൻ ഗ്രൂപ്പിനുള്ള കിറ്റ് വിതരണവും മന്ത്രി നിർവഹിച്ചു. സി.കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ആദ്യവിൽപന നിർവഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ മുഖ്യപ്രഭാഷണം നടത്തി. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് എം.പി നൗഷാദ് മെഷിനറി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ന്യൂട്രിമിക്‌സ് യൂനിറ്റിനുള്ള പ്രളയാനന്തര ധനസഹായം ‘സേവ് ദ ചിൽഡ്രൻ’ ടീം ലീഡർ ഇപ്‌സിത ദാസ് വിതരണം ചെയ്തു. ബാപ്‌കോ സിഇഒ ഗീത വിജയൻ റിപോർട്ട് അവതരിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗം ശകുന്തള ഷൺമുഖൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ പി. സാജിത, അസിസ്റ്റന്റ് കോ-ഓഡിനേറ്റർ കെ.പി ജയചന്ദ്രൻ, സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, നബാർഡ് ഡിജിഎം ജിഷ തുടങ്ങിയവർ സംസാരിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ 105 ക്ഷീരസാഗരം പദ്ധതി ഗുണഭോക്താക്കളുടെ നേതൃത്വത്തിലാണ് പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ചത്. ശീതീകരിച്ച പാൽ, തൈര്, പേഡ, ഐസ്‌ക്രീം, പനീർ തുടങ്ങിയ പാൽ ഉൽപന്നങ്ങളുടെ നിർമാണവും മൂല്യവർധിത കാർഷികോൽപന്നങ്ങളുടെ വിപണനവുമാണ് ലക്ഷ്യം.