കുടുംബശ്രീ ഏറ്റെടുത്ത് നടപ്പാക്കുന്ന അഗതിരഹിത കേരളം പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണെന്നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൽപ്പറ്റ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഭിമാനകരമായ നേട്ടങ്ങൾ പലതുണ്ടെങ്കിലും അഗതികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അഗതിരഹിത കേരളം പദ്ധതിക്ക് രൂപം നൽകിയത്. ഒൻപത് ക്ലേശഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുത്ത 1,59,080 പേർ പദ്ധതിയുടെ ഭാഗമാണ്. ഇതിൽ 10,716 പേർ പട്ടികവർഗക്കാരാണ്. ക്ലേശമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കും. തദ്ദേശസ്ഥാപനങ്ങളും കുടുംബശ്രീയും ഇതിനു നേതൃത്വം നൽകും. കുടുംബശ്രീയുടെ വിശ്വാസ്യതയാണ് അഗതിരഹിത കേരളം പദ്ധതി നടത്തിപ്പ് ഏൽപ്പിക്കാൻ കാരണം. കുടുംബശ്രീയുടെ പ്രവർത്തനം ലോകം ഉറ്റുനോക്കുകയാണെന്നും പദ്ധതി വിജയിപ്പിക്കാൻ കുടുംബശ്രീ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം സാമ്പത്തിക വികസനം പാവപ്പെട്ടവരിലേക്ക് എത്തുന്നുണ്ടോയെന്നും സർക്കാർ പരിശോധിച്ചുവരികയാണ്. സാമൂഹിക നീതിയുടെ അടിസ്ഥാനമെന്ന നിലയിൽ പൊതുവിദ്യാഭ്യാസ മേഖല സംരക്ഷിക്കാൻ കോടികളാണ് സർക്കാർ ചെലവഴിച്ചത്. 3,650 തസ്തികകൾ സ്‌കൂളുകളിൽ സൃഷ്ടിച്ച് നിയമനം നടത്തി. ലൈഫ്, ആർദ്രം പദ്ധതിയും ജനപങ്കാളിത്തത്തോടെ മുന്നോട്ടുപോവുകയാണ്. ആതുരാലയങ്ങളുടെ നിലവാരം ഉയർത്തിക്കൊണ്ടുവരികയാണ് ആർദ്രം പദ്ധതിയിലൂടെ. ആരോഗ്യമേഖലയിൽ 4,650 തസ്തികകൾ രണ്ടര വർഷത്തിനകം സൃഷ്ടിച്ചു. ഭാവി മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സി.കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ പദ്ധതി വിശദീകരണം നടത്തി. ആശ്രയ ഫണ്ട് വിതരണം കൽപ്പറ്റ നഗരസഭ ചെയർപേഴ്‌സൺ സനിത ജഗദീഷും ഹെൽത്ത് കാർഡ് വിതരണം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പിയും നിർവഹിച്ചു. ആശ്രയ പദ്ധതിയും നൂറുശതമാനം ഡിജിറ്റലൈസേഷൻ പ്രക്രിയയും പൂർത്തീകരിച്ച സിഡിഎസുകളെ ആദരിച്ചു. കുടുംബശ്രീ ഉൽപന്ന വിപണനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എം നാസർ നിർവഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ടി.എസ് ദിലീപ് കുമാർ, ഗീത ബാബു, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എ. ദേവകി, അംഗം എ.എൻ പ്രഭാകരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭൻകുമാർ, സഹദ്, രുഗ്മിണി സുബ്രഹ്മണ്യൻ, എൻ.സി പ്രസാദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി വിജയകുമാർ, ഐടിഡിപി പ്രൊജക്റ്റ് ഓഫിസർ പി. വാണിദാസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ പി. സാജിത, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
നിരാശ്രയരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്ന ആശ്രയ പദ്ധതി വിപുലീകരിച്ച് നടപ്പാക്കുന്നതാണ് അഗതിരഹിത കേരളം പദ്ധതി. അശരണരും നിരാലംബരുമായവർക്ക് സാമൂഹ്യാധിഷ്ഠിത സംവിധാനത്തിലൂടെ സേവനങ്ങൾ ലഭ്യമാക്കുകവഴി അവരെ മുഖ്യധാരയിലേക്ക് ഉയർത്തുകയെന്നതാണ് ലക്ഷ്യം. അതിജീവനാവശ്യങ്ങളായ ഭക്ഷണം, ചികിത്സ, വസ്ത്രം, വിവിധതരം പെൻഷനുകൾ എന്നിവയും അടിസ്ഥാന ആവശ്യങ്ങളായ ഭൂമി, പാർപ്പിടം, കുടിവെള്ളം, ശുചിത്വ സംവിധാനം, വൈദ്യുതി, വിദ്യാഭ്യാസം എന്നിവയും ഗുണഭോക്താക്കൾക്കു ലഭിക്കും. വികസന ആവശ്യങ്ങളായ ജീവനോപാദികൾ, തൊഴിൽ പരിശീലനം, മാനസിക വികസന ആവശ്യങ്ങൾക്കായുള്ള പ്രത്യേക സംവിധാനങ്ങളും പദ്ധതി വഴി സാധ്യമാവും.