പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്കുള്ള സര്‍ക്കാരിന്റെ വിള ഇന്‍ഷ്വറന്‍സ് തുക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വനം-കൃഷി-മൃഗസംരക്ഷണ മന്ത്രി കെ. രാജു കുളത്തൂപ്പുഴയില്‍ നിര്‍വ്വഹിച്ചു. ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഞ്ചല്‍ ബ്ലോക്കിലെ 44 അപേക്ഷകര്‍ക്ക് ആകെ 9,57,275 രൂപയാണ് നല്‍കിയത്.
മറ്റ് ബ്ലോക്കുകളിലെ അപേക്ഷകര്‍ക്കും തുക ബാങ്ക് അക്കൗണ്ടുകളിലൂടെ     നല്‍കും. ഇന്‍ഷ്വറന്‍സ് എടുക്കാത്തവര്‍ക്കും നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ഇത്ര വേഗത്തില്‍ നഷ്ട പരിഹാരത്തുക കൈമാറുന്നത് ഇതാദ്യമായാണെന്നും മന്ത്രി കെ. രാജു പറഞ്ഞു.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നളിനിയമ്മ, ലൈലജ, സുരേഷ് ബാബു, എം. ഹംസ, വി. രാജന്‍, മറ്റു ജനപ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എച്ച്. സക്കീനത്ത്, ഡെപ്യൂട്ടി ഡയറക്ടര്‍ ഫസീലാ ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.