കൊച്ചി: ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനുള്ള ആശയങ്ങളുമായി സഹസ്രം 2019. സര്‍ക്കാരിന്റെ ആയിരം ദിന ആഘോഷവുമായി ബന്ധപ്പെട്ട് എറണാകുളത്തപ്പന്‍ മൈതാനിയിലാണ് ശുചിത്വമിഷനും ഹരിതകേരളം മിഷനും ചേര്‍ന്ന് ‘ജലമാണ് ജീവന്‍ ‘എന്ന സെമിനാര്‍ സംഘടിപ്പിച്ചത്.

മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി എസ് എസ് ഹരിദാസ്, ജോയിന്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ ബി. സജിത്, മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാജിചന്ദ്രന്‍, പി.എ. തങ്കച്ചന്‍ എന്നിവര്‍ സെമിനാര്‍ അവതരിപ്പിച്ചു .
നമ്മുടെ തൊടിയില്‍ പെയ്യുന്ന മഴവെള്ളം നമ്മുടെ കുടിവെള്ളം എന്ന ആശയം ശ്രദ്ധേയമായി.
മുളന്തുരുത്തി പഞ്ചായത്തിലെ തുരുത്തിക്കര വാര്‍ഡില്‍ നടപ്പിലാക്കിയ മഴവെള്ളത്തെ കിണറ്റിലേക്ക് ശേഖരിക്കുന്ന ഫില്‍ട്ടര്‍ യൂണിറ്റിനെ കുറിച്ച് സെമിനാറില്‍ വിവരിക്കുയുണ്ടായി.
4 cm നീളമുള്ള പിവിസിപൈപ്പ്, സ്റ്റീല്‍ നെറ്റ്, ഫൈബര്‍ നെറ്റ്, ബേബി മെറ്റല്‍, ചിരട്ടക്കരി ഗ്രാവല്‍ തുടങ്ങിയവയാണ് ഫില്‍റ്റര്‍ യൂണിറ്റ് തയാറാക്കാന്‍ വേണ്ടത്. പ്ലംബറിന്റെ സഹായത്തോടെ തികച്ചും ശാസ്ത്രീയമായി തയ്യാറാക്കുന്ന ഈ സംവിധാനം ശുദ്ധജലം ഉറപ്പ് വരുത്തുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ ഇത് തുറന്ന് വൃത്തിയാക്കാന്‍ കഴിയും.
ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം എന്ന വിഷയത്തില്‍ ബാജി ചന്ദ്രന്‍ സെമിനാര്‍ അവതരിപ്പിച്ചു. പൂത്തോട്ട പാലം മുതല്‍ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി വഴി ഒഴുകുന്ന കോണോത്ത് പുഴയുടെ ഇന്നത്തെ അവസ്ഥ ശോചനീയമാണ്. എക്കല്‍ അഥവാ പോള സാന്നിധ്യം , മാലിന്യനിക്ഷേപം കയ്യേറ്റം തുടങ്ങിയവയാണ് ഇന്ന് കോണോത്ത് പുഴ നേരിടുന്ന പ്രശ്‌നങ്ങള്‍. പുഴയുടെ സമീപപ്രദേശത്തുള്ള ജലസ്രോതസ്സുകളില്‍ അംശം കൂടുതല്‍ ഉള്ളതായും റിപ്പോര്‍ട്ടുണ്ട്. മാലിന്യ നിക്ഷേപം ജലസ്രോതസുകളെ ഇത്രയേറെ ബാധിക്കുന്നതിനെ കുറിച്ച് ജനങ്ങളിലേറെപ്പേരും ബോധവാന്മാരല്ല .
തൊഴിലുറപ്പ് പദ്ധതിയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ബി സജിത് സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുക എന്നതിനപ്പുറത്തേക്ക് ആസ്തി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാകണം പ്രവര്‍ത്തനങ്ങള്‍.

കാണാന്‍ പറ്റുന്നതും, അളക്കാന്‍ പറ്റുന്നതും, ആവര്‍ത്തന സ്വഭാവമില്ലാത്തതുമായ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് ചെയ്യേണ്ടത്.
ഭൂമിക്കടിയിലെ ജല സംരക്ഷണം, കനാല്‍ നിര്‍മാണം, നിലവിലുള്ള പൊതുകുളങ്ങള്‍ നന്നാക്കുക തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് നടത്താവുന്നതാണ്.
നീര്‍ത്തട പ്ലാനില്‍ നിന്നും നിര്‍വ്വഹണത്തിലേക്ക് എന്ന വിഷയത്തെ കുറിച്ച് പി. എസ്. ഹരിദാസ് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ നീര്‍ത്തട പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞു. ഓരോ പഞ്ചായത്തിലും യോഗം ചേരുകയും മണ്ണ് ജല സംരക്ഷണത്തെ ക്കുറിച്ച് വിവരശേഖരണം നടത്തിയാണ് നീര്‍ത്തട പ്ലാന്‍ തയ്യാറാക്കിയത്. ജില്ലാതല സാങ്കേതിക സമിതിയുടെ ചുമതലയില്‍ ജില്ലാ പ്ലാന്‍ തയ്യാറാക്കും. ഓരോ പ്രദേശത്തിനും അനുയോജ്യമായ തരത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.