ആലപ്പുഴ: പാരമ്പര്യേതര ഊര്‍ജ്ജസ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. എനര്‍ജി മാനേജമെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ എസ്.ഡി. കോളജില്‍ സംഘടിപ്പിച്ച ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ സൗരോര്‍ജ്ജത്തില്‍നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് ആലോചിക്കുന്നുണ്ട്. സ്ഥാപനങ്ങള്‍ക്കുവേണ്ട വൈദ്യുതി ഇതില്‍നിന്ന് ഉത്പാദിപ്പിക്കുന്നതിനൊപ്പം അധികമുള്ളത് കെ.എസ്.ഇ.ബി.ക്കു നല്‍കുന്നതിനു സാധിക്കും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുന്നു. പാരമ്പര്യ ഊര്‍ജ്ജസ്രോതസുകളെ മാത്രം ആശ്രയിച്ച് കഴിയാവുന്ന സ്ഥിതിയില്ല. സൗരോര്‍ജ്ജവും മാലിന്യത്തില്‍നിന്നുള്ള ഊര്‍ജ്ജഉത്പാദനവും അടക്കമുള്ള മാര്‍ഗങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചാലേ ഊര്‍ജ്ജ പ്രതിസന്ധിക്കു പരിഹാരം കാണാനാകൂ. വികസനം സാധ്യമാകണമെങ്കില്‍ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കപ്പെടണം. വൈദ്യുതിയടക്കം പാഴാക്കാതെ ഉപയോഗിക്കാനുള്ള ശീലം സമൂഹത്തിലാകെ വളരണമെന്നും അദ്ദേഹം പറഞ്ഞു.
എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എച്ച്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. എസ്.ഡി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. നടരാജ അയ്യര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ.ടി. മാത്യു, അധ്യാപകരായ കെ.എസ്. വിനീത് ചന്ദ്ര, ഡോ. ഉണ്ണിക്കൃഷ്ണപിള്ള, ഡോ.ജെ. വീണ എന്നിവര്‍ പ്രസംഗിച്ചു. കില ജൂനിയര്‍ മാസ്റ്റര്‍ ട്രെയിനര്‍ ടോംസ് ആന്റണി ഊര്‍ജ്ജസംരക്ഷണ ക്ലാസെടുത്തു.