അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു 

ഡല്‍ഹിയിലും ഗള്‍ഫിലും ആയുര്‍വേദ കേന്ദ്രങ്ങള്‍ സ്ഥാപിക്കും 

തിരുവനന്തപുരം: നാട്ടിലാകെ വ്യാപിച്ചു കിടക്കുന്ന വ്യത്യസ്തമായ അറിവുകള്‍ പൊതു സ്വത്താക്കി മാറ്റിയെടുക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പടിയൂര്‍ കല്ല്യാട് ഗ്രാമപഞ്ചായത്തിലെ കല്ല്യാട് തട്ടില്‍ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആയുര്‍വേദം കേരളത്തിന് മാത്രം അവകാശപ്പെതല്ല, എന്നാല്‍ കേരളത്തിന് മാത്രം അവകാശപ്പെടാവുന്ന ഒത്തിരി കാര്യങ്ങള്‍ ആയുര്‍വേദത്തിലുണ്ട്. കലാകാലങ്ങളായി നമ്മള്‍ കൊണ്ടു നടന്ന ചികിത്സാരീതിയാണ് ആയുര്‍വേദം. ആയുര്‍വേദത്തിലെ പല അറിവുകളും നമുക്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ട്. പണ്ട് നമുക്ക് ഉണ്ടാകുന്ന പല രോഗങ്ങളുടെയും പ്രതിവിധി നമുക്ക് തന്നെ അറിയാമായിരുന്നു. അത് നമ്മുടെ തോട്ടങ്ങളില്‍ തന്നെയുണ്ടായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ സാധരണക്കാരായ നിരവധി വൈദ്യന്മാര്‍ ഉണ്ടായിരുന്നു. അവര്‍ സമ്പന്നരോ പ്രമാണിമാരോ ആയിരുന്നില്ല. അവര്‍ ഒട്ടേറെ രോഗങ്ങള്‍ മാറ്റാന്‍ ഇവര്‍ പ്രാപ്തരായിരുന്നു.

അവര്‍ക്ക് മത്രമറിയാവുന്ന മരുന്ന് കൂട്ടുകള്‍ ചിലര്‍ അപൂര്‍വ രഹസ്യമായി സൂക്ഷിച്ചിരുന്നു. അവര്‍ മരണപ്പെടുന്നതിലൂടെ ഇവ ഇല്ലാതാവുകയാണ് ചെയ്തിരുന്നത്. ഒട്ടേറെ അറിവുകളും അത്ഭുതങ്ങളും ഈ രീതിയില്‍ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. വലിയ വിജ്ഞാനത്തിന്റെ മേഖലയാണ് ആയുര്‍വേദം. കോളേജുകളില്‍ പഠിക്കുന്നത് മാത്രമല്ല അറിവ്. തങ്ങളുടെ കൈവശമില്ലാത്ത അറിവ് നേടാന്‍ അവസരമുണ്ടാകണം. നശിച്ചുപോയ അറിവുകള്‍ വീണ്ടും കണ്ടത്തേണ്ടതായിട്ടുണ്ട്. താളിയോലകളിലെ അറിവുകള്‍ പൂര്‍ണമായും സമാഹരിക്കാന്‍ കഴിയണം.

കളരി മര്‍മ്മ ചികിത്സയും പദ്ധതിയുടെ ഭാഗമാക്കണം. മസാജ് സെന്ററുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിശ്ചിത യോഗ്യത ഉണ്ടാക്കാന്‍ കഴിയണം. ഇത് നല്ലൊരു തൊഴില്‍ മേഖലയായി മാറ്റണം.

തലസ്ഥാന നഗരിയിലും ഗള്‍ഫിലും ആയുര്‍വേദ സെന്ററുകള്‍ സ്ഥാപിക്കും. ഡല്‍ഹിയില്‍ കേന്ദ്രം സ്ഥാപിക്കുന്നതിന്റെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങള്‍ വച്ചു പിടിപ്പിക്കണം. എല്ലാ വീടുകളിലും കൃഷി ചെയ്യാന്‍ കഴിയണം. ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഔഷധതോട്ടം വളര്‍ത്തിയെട്ടുക്കാന്‍ സര്‍ക്കാര്‍ സഹായം ചെയ്യും. എല്ലാ ഔഷധങ്ങളും ഉണ്ടായാന്‍ മാത്രമേ മരുന്നുകള്‍ കൃത്യമായി നിര്‍മ്മിക്കാന്‍ കഴിയുകയുള്ളു. അയുര്‍വേദ റിസര്‍ച്ച് സെന്ററിനോടനുബന്ധിച്ച് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സൗകര്യമൊരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയുര്‍വേദത്തിലെ ഫലപ്രാപ്തി തെളിവധിഷ്ഠിതമായി നിരൂപണം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണെന്നും പുതിയ മരുന്നുകള്‍ ഗവേഷണത്തിലൂടെ കണ്ടെത്തുന്നത് ആയുര്‍വേദത്തിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണ്. 20 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ഇതിനോടകം അനുവദിച്ചിരിക്കുന്നത്. ഔഷധ സസ്യകൃഷി ചെയ്യാന്‍ കഴിയണം. ഇത് ഒരു വരുമാന മാര്‍ഗമാക്കാന്‍ സാധിക്കണം. നാല് കെട്ടിന്റെ മാതൃകയില്‍ എല്ലാ ആധുനിക സൗകര്യങ്ങളും ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം.

നാട്ടിലെ രോഗികള്‍ക്കും ആയുര്‍വേദ വിദ്യാത്ഥികള്‍ക്കും ഗവേഷകര്‍ക്കും മാത്രമല്ല വിദേശ രാജ്യത്തടക്കം കേരളത്തിന്റെ യശസ് ഉയര്‍ത്തുന്നതിന് ഈ സ്ഥാപനം കാരണമാകും. ഉത്തരമലബാറിന്റെ വികസനക്കുതിപ്പിനൊപ്പം ആയുര്‍വ്വേദ മേഖലയ്ക്കും ഏറ്റവും വലിയ സംഭാവനയായി ഈ ഗവേഷണകേന്ദ്രം മാറും. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് ചികിത്സാരംഗത്തും ഔഷധനിര്‍മാണ രംഗത്തും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും മണ്‍മറഞ്ഞ് പോകുന്ന നാട്ടറിവുകളേയും ഔഷധസസ്യങ്ങളേയും സംരക്ഷിച്ച് ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നിലനിര്‍ത്തുന്നതിനുമാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആയുഷ് വകുപ്പിന്റെ എല്ലാ മേഖലകളിലും ശ്രദ്ധേയമായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ അടിത്തറ പാകാനായി സംഘടിപ്പിച്ച അന്തര്‍ദേശീയ ആയുഷ് കോണ്‍ക്ലേവ് വലിയ വിജയമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

വ്യവസായ സ്‌പോര്‍ട്‌സ് യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ കെ.കെ. രാഗേഷ് എം.പി., ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, കളക്ടര്‍ മീര്‍ മുഹമ്മദ് അലി, ഡി.എ.എം.ഇ. ഡോ. സി. ഉഷാകുമാരി എന്നിവര്‍ പങ്കെടുത്തു.