• – സെലക്ഷൻ ടെസ്റ്റിന് ഓൺലൈനായി അപേക്ഷിക്കാം
  • – അപേക്ഷ ഡിസംബർ 15 മുതൽ ജനുവരി 12 വരെ

ആലപ്പുഴ: വ്യോമസേനയിലെ തസ്തികകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ആലപ്പുഴ ജില്ലയിൽ നിന്നുള്ള അപേക്ഷകർ കുറവാണെന്ന് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർ. വ്യോമസേനയിലേക്കുള്ള സെലക്ഷൻ ടെസ്റ്റിന്റെ പ്രചരണാർഥം കളക്ടറേറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജൂനിയർ വാറന്റ് ഓഫീസർ എൻ. സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജില്ലയിൽ നിന്ന് കൂടുതൽ യുവാക്കൾ വ്യോമസേനയിലേക്ക് എത്താൻ ശ്രമിക്കണമെന്നും നിലവിൽ എയർമെൻ ഗ്രൂപ്പ് എക്‌സ് ട്രേഡ്‌സ്, ഗ്രൂപ്പ് വൈ വിഭാഗങ്ങളിലേക്കുള്ള സെലക്ഷൻ ടെസ്റ്റിൽ അപേക്ഷ നൽകാമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 10നും 11നും നടക്കുന്ന സെലക്ഷൻ ടെസ്റ്റിൽ പങ്കെടുക്കാൻ 1998 ജനുവരി 13നും 2002 ജനുവരി രണ്ടിനുമിടയിൽ ജനിച്ച അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം.  www.airmenselection.cdac.inwww.careerindianairforce.cdac.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 15 മുതൽ അപേക്ഷിക്കാം. അവസാന തീയതി ജനുവരി 12. അപേക്ഷിക്കേണ്ട വിധം, യോഗ്യത അടക്കമുള്ള വിശദവിവരം വെബ്‌സൈറ്റിൽ ലഭിക്കും. വ്യോമസേന ഉദ്യോഗസ്ഥരായ ഡി.ആർ. ഖച്ച്‌റേ, വി.എസ്. ശ്യാംജിത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഫോൺ: 011 25694209/25699606.