ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഏതു പ്രായത്തിലുള്ള വ്യക്തികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഓപ്പണ്‍ സര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സഹകരണ വകുപ്പിന് കീഴിലെ മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ് പുതിയ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാര്‍ഥികളില്‍ അന്വേഷണാത്മകത വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് സാഹിത്യം, കല ,തുടങ്ങി വിവിധ മേഖലകളില്‍ 35,000 രൂപ വരെ സ്കോളര്‍ഷിപ്പ് നല്‍കുന്നതിനായി ഒമ്പത് കോടിയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. ഓരോ കോളെജിലെയും ഒരു ക്ലാസ് റൂമില്‍ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം സജ്ജമാക്കുന്നതിന് ഓണ്‍ലൈന്‍ ഇനീഷ്യേറ്റീവ് ഓഫ് കോളെജ് എജ്യൂക്കേഷന്‍ പരിപാടിക്കായി അഞ്ചുകോടിയും ലബോറട്ടറികള്‍  നിര്‍മിക്കുന്നതിനും നവീകരിക്കുന്നതിനും ഏഴ് കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്.
ഉന്നതവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, കെട്ടിടങ്ങള്‍ നവീകരിക്കുക എന്നിവയ്ക്ക് 300 കോടി വകയിരുത്തിയതില്‍ 50 കോടി അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ 17 കോടിയാണ് മാറ്റിവെച്ചിട്ടുള്ളത്. കോളെജുകളെ ക്ലസ്റ്റര്‍ അടിസ്ഥാനത്തിലാക്കി ലീഡ് കോളെജ് സംവിധാനം നടപ്പാക്കുന്നതിനും അക്കാദമിക് കലണ്ടര്‍ രൂപവത്ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോളെജുകളില്‍ 703 അധ്യാപകരെയും 436 അനധ്യാപകരെയും, സര്‍വകലാശാലകളില്‍ 1913 അസിസ്റ്റന്‍റുമാരെയും 665 കംപൂട്ടര്‍ അസിസ്റ്റന്‍റുമാരെയും നിയമിച്ചു.
സഹകരണ മേഖലയിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജുകള്‍ സംസ്ഥാനത്ത് വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് അഭിമാനകരമാണ്.  പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്ഞത്തിലൂടെ രണ്ടുവര്‍ഷത്തിനകം സംസ്ഥാനത്ത് 341000 വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ വര്‍ധിച്ചത്.  ഉന്നതവിദ്യാഭ്യാസരംഗത്ത് നിലവിലുള്ള കുറവുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍  സര്‍ക്കാര്‍  സ്വീകരിച്ചുവരുന്നുണ്ട്. നമ്മുടെ യൂണിവേഴ്സിറ്റികളും കോളെജുകളും ദേശീയതലത്തില്‍ ആദ്യം ശ്രദ്ധനേടുകയും പിന്നീട് ലോക തലത്തില്‍ അംഗീകാരം നേടാന്‍ കഴിയുന്ന തരത്തില്‍ വിദ്യാഭ്യാസരംഗത്തെ മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്‍റെ പ്രാരംഭ പ്രവര്‍ത്തനമായി സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരുമായി ചര്‍ച്ച നടത്തി. ലോകപ്രശസ്ത ശാസ്ത്രജ്ഞരുമായി വിദ്യാര്‍ഥികള്‍ക്ക് സംവദിക്കാവുന്ന എമിറേറ്റ്സ് സ്കോളര്‍ പദ്ധതി, വാക്ക് വിത്ത് സ്കോളര്‍ പദ്ധതി, എന്നിവ നടപ്പാക്കുന്നതിനും തീരുമാനമായിട്ടുണ്ട്. നമ്മുടെ സര്‍വകലാശാലകളില്‍ ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മികച്ച ഗവേഷണങ്ങള്‍ ഇനിയും ഉണ്ടാവണം. ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളില്‍ ഗവേഷണ താല്പര്യം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.  പഠിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലകളുമായി പ്രവര്‍ത്തിക്കുവാന്‍ സ്കില്‍ ഡവലപ്മെന്‍റ് കോഴ്സുകള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോളെജിന്‍റെ വെബ്സൈറ്റ് അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പി.കെ ശശി എം.എല്‍.എ അധ്യക്ഷനായി.  മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എജ്യൂക്കേഷനല്‍ സൊസൈറ്റി പ്രസിഡന്‍റ് കെ.എ കരുണാകരന്‍,  മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എജ്യൂക്കേഷനല്‍ സൊസൈറ്റി സെക്രട്ടറി എം. മനോജ്, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഒ.പി ഷെറീഫ്, മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ എം.കെ സുബൈദ, കൗണ്‍സിലര്‍ മാസിത സത്താര്‍, സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാര്‍ എം.കെ ബാബു, സംഘാടകസമിതി ചെയര്‍മാന്‍ കെ.എ കമ്മാപ്പ, പി.ടി.എ പ്രസിഡന്‍റ് ടി.കൃഷ്ണദാസ്, പ്രിന്‍സിപ്പല്‍ ടി. ജോണ്‍ മാത്യു, കോളെജ് യൂണിയന്‍ ചെയര്‍പേഴ്സ്ണ്‍ പി. രോഹിണി സംസാരിച്ചു.