വിദ്യാഭ്യാസ മേഖലയില്‍ പുതിയ കാലത്തിനനുസൃതമായി യുവതലമുറയ്ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കുന്ന മികച്ച പാഠ്യരീതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതെന്നും വലിയതോതില്‍ ഉയര്‍ന്നു വരുന്ന സംരംഭകത്വ  കാലഘട്ടത്തില്‍ സംരംഭകത്വം ഉറപ്പാക്കാനുള്ള പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  പാലക്കാട് ഗവ. പോളിടെക്നിക് കോളെജിലെ ഭരണനിര്‍വഹണ കാര്യാലയം, സിവില്‍ എഞ്ചിനിയറിങ് വര്‍ക്ക്ഷോപ്പ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം- ലൈബ്രറി ആന്‍ഡ് കോമണ്‍ കംപൂട്ടിങ് ഫെസിലിറ്റി കെട്ടിട സമുച്ചയം, അക്കാദമിക് കെട്ടിടം എന്നിവയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  മികച്ച ജോലി സാധ്യതയുള്ള ഇലക്ട്രിക്കല്‍ കോഴ്സിന്  ആവശ്യക്കാര്‍ ഏറെയാണെന്നും ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ് വിഭാഗത്തിന് പരിമിതമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതുതലമുറയുടെ നൂതന ആശയങ്ങളും വൈദഗ്ധ്യവും തിരിച്ചറിഞ്ഞ് സംരംഭകത്വ സാധ്യതകളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ മികച്ച് സ്റ്റാര്‍ട്ട് അപ്പ് നയമാണ് നടപ്പാക്കുന്നത്.  മികച്ച സ്റ്റാര്‍ട്ട് അപ്പ് പ്രൊവൈഡറായി സംസ്ഥാനത്തിന് അംഗീകാരം ലഭിച്ചതായും മന്ത്രി അറിയിച്ചു.
സംരംഭകത്വ പരിശീലനത്തിനായി കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍റെ ഫാബിലര്‍ സംവിധാനം കോളെജിന് അനുവദിച്ചതായും കാലതാമസം കൂടാതെ പ്രവൃത്തി ആരംഭിക്കുവാന്‍ ബന്ധപ്പെട്ടവരോട്  മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പാലക്കാട് പോളിടെക്നിക് കോളെജുള്‍പ്പെടെ സംസ്ഥാനത്തെ പത്ത്  പോളിടെക്നിക് കോളേജുകളില്‍ എന്‍.ബി. അക്രഡിറ്റേഷന്‍ ലഭിക്കാനുള്ള ശ്രമം നടക്കുകയാണെന്നും വരും വര്‍ഷത്തില്‍ സംസ്ഥാനത്തെ ഏല്ലാ പോളെടെക്നിക് കോളെജുകള്‍ക്കും അക്രഡിറ്റേഷന്‍ ഉറപ്പാക്കാക്കുകയാണ് സര്‍ക്കാറിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി അറിയിച്ചു. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പാലക്കാട് പോളിടെക്നിക് കോളെജ് മാതൃകപരമാണെന്ന് പരിപാടിയില്‍ അധ്യക്ഷനായി ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എം.ബി.രാജേഷ് എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജിമലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.ഷൈജ, കൊടുമ്പ്- മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്.ശൈലജ, കെ.രാജലക്ഷ്മി, ജനപ്രതിനിധികള്‍, ഉദ്യോഗസഥര്‍  പങ്കെടുത്തു.