സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റു ആയിരം ദിനങ്ങള്‍ കഴിയുമ്പോള്‍ ബാലുശ്ശേരി നിയോജകമണ്ഡലവും അടിമുടി മാറിക്കഴിഞ്ഞു. നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഢലത്തിലുടനീളം നടപ്പിലാക്കുന്നത്. ബാലുശ്ശേരിയിലേയും അയല്‍ദേശങ്ങളിലേയും നിരവധി വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സാശ്രയ കോളേജുകളേയുമാണ് ആശ്രയിക്കുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരമായി ഡോക്ടര്‍ ബി.ആര്‍ അംബേദ്കറുടെ പേരില്‍ ബാലുശ്ശേരിയിലെ  ആദ്യത്തെ ഗവ.കോളേജ് ഫെബ്രുവരി 20 ന് മുഖ്യമന്ത്രി പിണറായി വിജയന്‍  നാടിനു സമര്‍പ്പിച്ചു.  പുരുഷന്‍ കടലുണ്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 4.2 കോടി രൂപ ഉപയോഗിച്ചായിരുന്നു കോളേജിന്റെ നിര്‍മ്മാണം. തുടര്‍ന്ന്  സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയ 1.5 കോടി രൂപ കൂടി ഇതിനായി വിനിയോഗിച്ചു. മൂന്നു നിലകളുള്ള ഈ കോളേജിന്റെ പ്രവൃത്തി പൂര്‍ത്തീകരണത്തിനായി 10 കോടി രൂപ കിഫ്ബിയും നല്‍കി.
 നഗരങ്ങളെയും നിരവധി മലയോര, ഗ്രാമപ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന  ബാലുശ്ശേരി ബസ്സ് സ്റ്റാന്‍ഡിന്റെ പരിമിതി യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും  സ്വകാര്യ വാഹനങ്ങള്‍ക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഗതാഗത തടസ്സം നിത്യസംഭവമായ സാഹചര്യത്തിലാണ്  കൂടുതല്‍ സൗകര്യങ്ങളോടെ ബസ്സ് സ്റ്റാന്റിനെ നവീകരണ പ്രവൃത്തികള്‍ക്ക് ആരംഭം കുറിച്ചത്.  എം.എല്‍.എ.  പുരുഷന്‍ കടലുണ്ടിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് , രണ്ടു ഘട്ടങ്ങളിലായി മൂന്നു കോടി രൂപ ചിലവഴിച്ചാണ് ഇതിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചിരിക്കുന്നത്. വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഉള്ള ബസ്സ് സ്റ്റാന്‍ഡിനോടനുബന്ധിച്ച് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള ടോയ്‌ലെറ്റുകളോടൊപ്പം ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ടോയിലെറ്റ് സംവിധാനവുമുണ്ട്. ഒപ്പം പോലീസ് എയിഡ് പോസ്റ്റ്, എന്‍ക്വയറി കൗണ്ടര്‍ ഡ്രിങ്കിംഗ് വാട്ടര്‍ ഏരിയ , വൈഫൈ, മൊബൈല്‍ ചാര്‍ജ്ജിംഗ് ഏരിയ, ടി.വി കോര്‍ണര്‍ എന്നിവയെ കൂടാതെ സ്ത്രീകള്‍ക്ക് പ്രത്യേകമായി ഷീ വെയിറ്റിംഗ്  ഏരിയയും ഫീഡിംഗ് റൂം കൂടി ഒരുക്കിയിരിക്കുന്നു. മ്യൂറല്‍ പെയിന്റിംഗ് ഏരിയയും ഈ  ബസ് സ്റ്റാന്‍ഡിന്റെ സവിശേഷതയാണ്.
          മലബാറിലെ ടൂറിസ്റ്റ് ഭൂപടത്തില്‍ പുതുതായി ഇടം നേടിയ വയലടയില്‍    3.4 കോടി രൂപയില്‍ പുതിയ ടൂറിസം പദ്ധതി ആരംഭിച്ചിട്ടുണ്ട്. 1.5 കോടി രൂപ ചിലവില്‍   നമ്പികുളം ടൂറിസം പദ്ധതിയും ആരംഭിച്ചു.ഈ രണ്ടു പദ്ധതികളുടേയും പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. കൂരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനോട് പ്രദേശത്ത് 1996 ല്‍ ആരംഭിച്ച ഫിഷ് ഹാച്ചറിയുടെ വിപുലീകരണത്തിനായി നാലു കോടി രൂപ ചിലവഴിച്ചു.ശുദ്ധജല മത്സ്യക്കുഞ്ഞുങ്ങളെ വിരിയിച്ചു മത്സ്യകൃഷിക്കാര്‍ക്ക് നല്‍കുന്ന ഈ സ്ഥാപനത്തിലെ തൊഴിലാളികള്‍ പിന്നോക്ക മേഖലയില്‍ നിന്നുള്ളവരാണ്.വിപുലീകരിച്ച ഹാച്ചറിയുടെ  ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മയാണ് നിര്‍വ്വഹിച്ചത്. മണ്ഡലത്തിലെ പൊതുമരാമത്ത് പണികള്‍ക്കായി 200 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കൂരാച്ചുണ്ട് , കല്ലാനോട് , 28ാം മൈല്‍ റോഡിന്റെ പണി പൂര്‍ത്തീകരിച്ചു കഴിഞ്ഞു , രാമന്‍പുഴക്ക് മുകളില്‍ കോക്കല്ലൂരിനേയും ബന്ധിപ്പിക്കുന്ന മരപ്പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത് മന്ത്രി ജി.സുധാകരനാണ്.
പുതുതായി പണി കഴിച്ച കൂട്ടാലിട നടുവണ്ണൂര്‍ റോഡും യാതയ്ക്കായി തുറന്നു കൊടുത്തിട്ടുണ്ട്. കൂട്ടാലിട അങ്ങാടിയുടെയും നവീകരണം ഇതോടൊപ്പം നടന്നു.ഒന്നരക്കോടി രൂപ ചിലവ് വരുന്ന തൃക്കുറ്റിശ്ശേരി പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. ഒപ്പം അഞ്ചു കോടി രൂപ ചിലവ് വരുന്ന  ഏകരൂല്‍ കാപ്പിയില്‍ – പൂവമ്പായി റോഡിന്റേയും അന്‍പത് ലക്ഷം രൂപയില്‍ നടുവണ്ണൂര്‍ ഇരിങ്ങത്ത് റോഡിന്റേയും പ്രവൃത്തികള്‍ തുടങ്ങാനിരിക്കുന്നു.ദക്ഷിണേന്ത്യയിലെ ആദ്യ മാതൃക ഭൂഗര്‍ഭ ശ്മശാനമായ പ്രശാന്തി ഗാര്‍ഡന്‍ 3.40 കോടി രൂപ ചിലവില്‍ ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ കാരാക്കാട്ടുകുന്നില്‍ 2.06 ഹെകക്ടറില്‍ മലതുരന്നാണ് നിര്‍മിച്ചത് . ഒരേസമയം രണ്ട് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാകുന്ന വിധമുള്ള ഗ്യാസ് ക്രിമേറ്റേറിയമാണ് ഒരുക്കുന്നത്. മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിനുള്ള സൗകര്യമുണ്ടാകും. സമഗ്ര മേഖലയിലും ബാലുശ്ശേരി മണ്ഡലത്തില്‍ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ജനോപകാരപ്രദമായ  പല പദ്ധതികളും പൂര്‍ത്തീകരിച്ചു ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. ടൂറിസം മുതല്‍ ആരോഗ്യം വരെയുള്ള മേഖലകള്‍ ഇതില്‍ പെടുന്നു. ഒപ്പം ഒട്ടേറെ  പൊതുമരാമത്ത് പണികള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ല ആരോഗ്യ സംരക്ഷണവും പുതിയ തൊഴിലവസരങ്ങളും ഇതിലൂടെ പ്രദേശവാസികള്‍ക്ക് ലഭ്യമാകുന്നതാണ്.