അതിഥി തൊഴിലാളികള്‍ക്ക് ഇനി അപ്‌നാഘറില്‍ താമസിക്കാം
ആതിഥ്യമര്യാദയുടെ വേറിട്ട മാതൃകയാണ് കഞ്ചിക്കോട്് അപ്‌നാ ഘറെന്നും കേരളത്തിലെ സാമൂഹിക സുരക്ഷയും പശ്ചാത്തല സൗകര്യവുമാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ ഇവിടെക്ക് ആകര്‍ഷിക്കാനുള്ള പ്രധാന കാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ സംസ്‌ക്കാരം യാഥാര്‍ഥ്യമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രായോഗിക ഇടപെടലാണ് കഞ്ചിക്കോട് അപ്‌നാ ഘര്‍. രാജ്യത്ത് ആദ്യമായി, ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി തൊഴില്‍ നൈപുണ്യ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ നിര്‍മിച്ച കഞ്ചിക്കോട് അപ്‌നാ ഘര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി അപ്‌നാ ഘര്‍ ഹോസ്റ്റിലിന്റെ ശിലാഫലകം അനാച്ഛാദനത്തിന് ശേഷം കെട്ടിടം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. താമസക്കാരായ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിനിധികളായ ജുഗല്‍, സഹദേവ്, അമാന്‍ തുടങ്ങിയവര്‍ക്ക് മുഖ്യമന്ത്രി താക്കോല്‍ കൈമാറി.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നിര്‍മിച്ച കഞ്ചിക്കോട് അപ്‌നാ ഘര്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു

ഭാഷ, വസ്ത്രധാരണം, ഭക്ഷണരീതി എന്നിവയില്‍ വിഭിന്നരായ അതിഥി തൊഴിലാളികളെ സഹോദരന്മാരായി കാണാനുള്ള കേരള സമൂഹത്തിന്റെ കാഴ്ച്ചപ്പാടാണ് കൂടുതല്‍ തൊഴിലാളികളെ ഇവിടേക്ക് എത്തിക്കുന്നത്. 18നും 40നും ഇടയില്‍ പ്രായമുള്ള 25 ലക്ഷത്തിലധികം അതിഥി തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. മെച്ചപ്പെട്ട വേതനവും തൊഴിലിടവും ഉറപ്പുവരുത്തുന്ന സംസ്ഥാനം കേരളമല്ലാതെ മറ്റൊന്നുമില്ല. തൊഴിലാളികളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ആവാസ് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി, സംശയനിവാരണത്തിനായി ജില്ലാതലത്തില്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍, പാര്‍പ്പിട സൗകര്യം, കൂടുതല്‍ സുതാര്യമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതിന് മലയാള ഭാഷ പഠിപ്പിക്കുന്ന പദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. നിര്‍മാണ മേഖലയിലാണ് കൂടുതല്‍ അതിഥി തൊഴിലാളികളുള്ളത്. ഹോട്ടല്‍ വ്യവസായം, ഉത്പാദന മേഖല, കാര്‍ഷിക മേഖലയിലും ഇവരുടെ സേവനം സഹായകരമാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

കഞ്ചിക്കോട് കിന്‍ഫ്ര ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്സ്റ്റൈല്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ പുതുശ്ശേരി ഏരിയയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷത്തിന്റെ ചെക്ക് കൈമാറി. ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ അധ്യക്ഷനായി. എം.ബി.രാജേഷ്, എം.എല്‍.എമാരായ കെ.വി. വിജയദാസ്, കെ.ബാബു, കെ.ഡി.പ്രസേനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, തൊഴിലും നൈപുണ്യവും വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ആശ തോമസ്, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, ലേബര്‍ കമ്മീഷണര്‍ സി.വി സജന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷൈജ, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം നിധിന്‍ കണിച്ചേരി, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ സി.കെ രാജേന്ദ്രന്‍, കെ.പി സുരേഷ് രാജ്, എം.ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.