കുത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു
ആരോഗ്യ മേഖലയില്‍ സമഗ്രമായി മാറ്റങ്ങളുണ്ടാക്കുകയും ആശുപത്രികളെ രോഗി സൗഹൃദമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ – സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കുത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആര്‍ദ്രം മിഷന്‍ രോഗപ്രതിരോധത്തിനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കുന്നതിനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങെളെല്ലാം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. പദ്ധതിയുടെ ഭാഗമായി മികച്ച രീതിയിലാണ് കുത്തന്നൂര്‍ കുടുംബാരോഗ്യകേന്ദ്രം പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


ആര്‍ദ്രം പദ്ധതിയിലെ മികച്ച സ്ഥാപനമായി കുത്തനൂര്‍ കുടുംബാരോഗ്യ കേന്ദ്രമെന്ന് പരിപാടിയില്‍ അധ്യക്ഷനായ പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.അനൂപ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി. റീത്ത, കുത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാ മുരളീധരന്‍, ഡോ. അഭിജിത്ത് നന്ദനന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഷേളി, കുത്തന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.ഉമ്മര്‍ ഫാറൂഖ്, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍ ലീല ബാലന്‍ സംസാരിച്ചു.