വയനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്ത് ടൂറിസം വികസനത്തിന് ഗ്രാമീണാന്തരീക്ഷം പ്രയോജനപ്പെടുത്താൻ കഴിയണമെന്നു സെമിനാർ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പ്രദർശനമേളയോടനുബന്ധിച്ച് എക്‌സ്പീരിയൻഷ്യൽ ടൂറിസം: എ പ്രോഗ്രസീവ് സ്റ്റെപ്പ് ഓഫ് വയനാട് ടൂറിസം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ടൂറിസം വികസനത്തിന്റെ സാധ്യതകൾ ചർച്ച ചെയ്തു.
ടൂറിസം മേഖലയിലെ പരിമിതികൾ അനുകൂല സാഹചര്യമാക്കി മാറ്റുന്നതിന് വയനാടിന്റെ ഗ്രാമീണാന്തരീക്ഷം ഏറെ പ്രയോജനം ചെയ്യും. കാർഷിക മേഖലയായ വയനാട്ടിൽ സഞ്ചാരികൾക്ക് കർഷകരുമായി സംവദിക്കാൻ അവസരമുണ്ടാക്കണം. വയനാടിന്റെ സംസ്‌കാരവും കൃഷിയും പരിസ്ഥിതിയും അനുഭവിക്കുന്ന തരത്തിൽ ടൂറിസത്തെ ക്രമീകരിക്കുകയാണ് വേണ്ടത്. ഗ്രാമീണ മേഖലയിലേക്ക് ടൂറിസം എത്തുമ്പോൾ പ്രദേശവാസികൾക്കും അധികവരുമാനം ലഭിക്കും.
വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളെ അധികരിച്ച് തിരുവനന്തപുരം കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ മനേഷ് ഭാസ്‌കർ, വയനാട് മഡ്ഡി ബൂട്‌സ് പ്രതിനിധി പ്രദീപ് മൂർത്തി, സുമേഷ് മംഗലശ്ശേരി എന്നിവർ സംസാരിച്ചു. ഡിടിപിസി സെക്രട്ടറി ബി. ആനന്ദ്, മാനേജർ രതീഷ് ബാബു, അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.