കുറഞ്ഞ സ്ഥലത്ത് കൂടുതൽ മത്സ്യവിത്ത് നിക്ഷേപിച്ച് ശാസ്ത്രീയമായ രീതികൾ അവലംബിച്ച് ഉൽപാദനം വർധിപ്പിക്കുന്ന പുനർചംക്രമണ മത്സ്യകൃഷി പരിചയപ്പെടുത്തി ഫിഷറീസ് വകുപ്പ്. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ സ്റ്റാളിലാണ് പുനർചംക്രമണ മത്സ്യകൃഷിയുടെ മാതൃക പ്രദർശിപ്പിച്ചിരിക്കുന്നത്.
മത്സ്യവും പച്ചക്കറികളും ഒന്നിച്ച് കൃഷി ചെയ്യുന്ന സംയോജിത കൃഷിരീതിയാണിത്. ചുരുങ്ങിയത് മൂന്നു സെന്റ് സ്ഥലത്ത് പുനചംക്രമണ മത്സ്യകൃഷി ആരംഭിക്കാം. ഗിഫ്റ്റ്, അനബാസ് തുടങ്ങിയ വിഭാഗത്തിൽപ്പെട്ട മത്സ്യഇനങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ആറു ലക്ഷം രൂപയാണ് ചെലവുവരുന്നത്.
മത്സ്യകൃഷി പരിചയപ്പെടുത്തുന്നതിനു പുറമെ മത്സ്യകർഷകർക്കുള്ള വിവിധ നിർദേശങ്ങൾ ലീഫ് ലെറ്റുകളിലായി വിതരണം ചെയ്യുന്നുണ്ട്. കുളം തയ്യാറാക്കുക, കുളത്തിലെ പുളിരസം കളയുന്നതെങ്ങനെ, വളം ചേർക്കുന്നതെങ്ങനെ, പുറം തീറ്റ കൊടുക്കുന്നതെങ്ങനെ തുടങ്ങിയ വിവിധ വിഷയങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.