ഗൃഹോപകരണങ്ങള്‍ വന്‍ വിലക്കുറവില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ലക്ഷ്യമിട്ട്  സപ്ലൈകോ ഗൃഹോപകരണ വിപണന രംഗത്തേക്ക്. പ്രളയത്തില്‍  ഗൃഹോപകര ണങ്ങള്‍ പൂര്‍ണ്ണമായും നശിക്കുകയും നഷ്ടപ്പെടുകയും ചെയ്ത കുടുംബങ്ങള്‍  അവ  വീണ്ടും വാങ്ങുന്നതിന് അമിതവില നല്‍കേണ്ടി വരുന്ന സാഹചര്യത്തിലാണ് സപ്ലൈകോ വീട്ടുപകരണങ്ങള്‍ കുറഞ്ഞ വിലക്ക് വിപണിയിലെത്തിക്കുന്നതെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പു മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഗൃഹോപകരണ വിപണനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു  അദ്ദേഹം. സപ്ലൈകോയുടെ പ്രവര്‍ത്തനം വൈവിധ്യമാക്കാനുളള നീക്കത്തിന്റെ ഭാഗമായി കൂടിയാണ് പുതിയ സംരംഭമെന്ന്  അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ കോട്ടയം, തിരുവനന്തപുരം, കരുനാഗപ്പള്ളി, എറണാകുളം എന്നീ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും കൊട്ടാരക്കര, ചേര്‍ത്തല പുത്തനമ്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പര്‍ മാര്‍ക്കറ്റുകളിലും തൃശൂര്‍ പീപ്പിള്‍സ് ബസാറിലും  ആരംഭിച്ച വിപണനം കൂടുതല്‍ ഔട്ട് ലെറ്റുകളിലേക്ക് വ്യാപിപ്പിക്കും.  സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന കമ്പനികളുമായി നേരിട്ട് ഇടപെട്ട് വാങ്ങിയതിനാല്‍ യഥാര്‍ത്ഥ വിലക്കാണ് ഉപകരണങ്ങള്‍ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പൊതു വിപണിയിലെ വിലയേക്കാള്‍ 40-45 ശതമാനം വിലക്കുറവിലാണ് സപ്ലൈകോ വില്പന നടത്തുന്നതെന്നും വിലക്കുറ വിന്റെ ഈ വലിയ ആനുകൂല്യം ജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സപ്ലൈകോ ഹൈപ്പര്‍ മാര്‍ക്കറ്റ് അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എസ്. ഗോപകുമാര്‍ ആദ്യവില്പന നിര്‍വ്വഹിച്ചു. എഡിഎം സി. അജിത് കുമാര്‍, സപ്ലൈകോ റീജിയണല്‍ മാനേജര്‍ ഗീതാകുമാരി എന്നിവര്‍ പങ്കെടുത്തു. സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എസ് ജയ സ്വാഗതവും കോട്ടയം താലൂക്ക് സപ്ലൈ ഓഫീസര്‍ ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.
ഹാവെല്‍സ്, ബജാജ്, ഐ ബെല്‍ എന്നീ കമ്പനികളുടെ  മിക്സി, മിക്‌സര്‍ ഗ്രൈന്‍ഡന്‍, വെറ്റ് ഗ്രൈന്‍ഡര്‍, പ്രഷര്‍ കുക്കര്‍,  സീലിംഗ് ഫാന്‍, ഗ്യാസ് സ്റ്റൗ, എയര്‍ കൂളര്‍, എഫ്.എം.റേഡിയോ, ഇന്‍ഡക്ഷന്‍ കുക്കര്‍, ഇലക്ട്രിക് കെറ്റില്‍, തെര്‍മല്‍ ഫ്ളാസ്‌ക്, അയേണ്‍ ബോക്സ്, ഡിന്നര്‍ സെറ്റ്, ഫ്രൈ പാന്‍,  കാസ്സെറോള്‍, മോപ്പുകള്‍, തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് വിപണനത്തിനായി സജ്ജമാക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മാര്‍ച്ച് 15വരെ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളില്‍ നിന്നും നറുക്കെടുപ്പ് വഴി പത്ത്  വില്‍പ്പനശാലയില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഉപഭോക്താവിന് 1,200 രൂപ വിലമതിക്കുന്ന ഗൃഹോപകരണം സമ്മാനമായി നല്‍കും.