മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗത്തിനെതിരേ തീര്‍ഥാടകരെ ബോധവത്കരിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ കര്‍ണാടകത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് തുണി സഞ്ചികള്‍ നല്‍കി കൊണ്ടാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ളാഹ, കണമല എന്നിവിടങ്ങളില്‍ തീര്‍ഥാടകരില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ ശേഖരിച്ച് പകരം തുണി സഞ്ചികള്‍ നല്‍കിയിരുന്നു. ശബരിമലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയൊരളവുവരെ ഈ നടപടികളിലൂടെ കുറയ്ക്കുവാന്‍ കഴിഞ്ഞു. എന്നാല്‍, തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന ജില്ലയിലെ പ്രധാന ടൗണുകളില്‍ കൂടി തുണി സഞ്ചികളുടെ വിതരണവും ബോധവത്കരണവും നടത്തിയാല്‍ മാത്രമേ പദ്ധതിയുടെ പ്രയോജനം പൂര്‍ണമായും ലഭ്യമാകു എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ എല്ലാ ടൗണുകളിലും തീര്‍ഥാടകരില്‍ നിന്നും പ്ലാസ്റ്റിക് കാരിബാഗുകള്‍ ശേഖരിച്ച് പകരം തുണി സഞ്ചികള്‍ നല്‍കുന്നതിനും വിവിധ ഭാഷകളിലുള്ള ബോധവത്കരണം ഊര്‍ജിതപ്പെടുത്തുന്നതിനും തീരുമാനിച്ചതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ശബരിമല തീര്‍ഥാടനം 30 ദിവസം പിന്നിടുമ്പോള്‍ തീര്‍ഥാടക സൗഹൃദമായ ഒരു അന്തരീക്ഷം നിലനില്‍ക്കുന്നു. മണ്ഡല പൂജയോട് അനുബന്ധിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവു വരുന്നതനുസരിച്ച് കൂടുതല്‍ ബോധവത്കരണവും തുണിസഞ്ചികളുടെ വിതരണവും നടത്തും. തീര്‍ഥാടകര്‍ക്കു പുറമേ ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങളും ശബരിമലയിലെ പൂജാസമയം തീര്‍ഥാടകര്‍ക്ക് പ്രയോജനകരമായ മറ്റ് വിവരങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളിച്ച് ജില്ലാ ശുചിത്വമിഷന്‍ അഞ്ചു ഭാഷകളില്‍ തയാറാക്കിയിട്ടുള്ള ബോധവത്കരണ കാര്‍ഡുകളുടെ പ്രകാശനവും ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു. പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള സ്റ്റിക്കറുകളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. പത്തനംതിട്ടയില്‍ നിന്നും പമ്പയിലേക്കു പോകുന്ന എല്ലാ വാഹനങ്ങളിലും പതിക്കുന്നതിനു വേണ്ടിയാണ് സ്റ്റിക്കറുകള്‍ തയാറാക്കിയിട്ടുള്ളത്. തീര്‍ഥാടകര്‍ക്ക് തുണി സഞ്ചികള്‍ വിതരണം ചെയ്യുന്ന സമയത്ത് അവരുടെ വാഹനങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഈ സ്റ്റിക്കറുകളും പതിക്കും.
മിഷന്‍ഗ്രീന്‍ ശബരിമലയുടെ ഭാഗമായുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ, ശുചിത്വമിഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹയര്‍സെക്കന്‍ഡറി വകുപ്പ്, നാഷണല്‍ സര്‍വീസ് സ്‌കീം, ഹരിതകേരളം ജില്ലാ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്. തുണിസഞ്ചികള്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ളത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുമാണ്. ഏഴംകുളം, പ്രമാടം, മൈലപ്ര, പത്തനംതിട്ട, ഓമല്ലൂര്‍ എന്നിവിടങ്ങളിലെ കുടുംബശ്രീ ഹരിത കര്‍മ്മ സേനാംഗങ്ങളാണ് തുണിസഞ്ചി വിതരണത്തിനായി ഇന്നലെ(15) പത്തനംതിട്ടയിലും ജില്ലയിലെ മറ്റ് സ്ഥലങ്ങളിലും എത്തിയിരുന്നത്.
ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. സാബിര്‍ഹുസൈന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ. വിനോദ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. മധുസൂദനന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. രാജേഷ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സീനിയര്‍ മാനേജര്‍ രാജു ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.