കളർകോട് അയ്യൻകോയിക്കൽ റോഡ് ഉദ്ഘാടനം ചെയ്തു

പുറക്കാട് : ആധുനിക കേരളത്തിന് യോജിക്കുന്ന വിധം ആലപ്പുഴയെ പുതുക്കിപ്പണിയുമെന്ന് പൊതുമരാമത്ത് മന്ത്രി ജി .സുധാകരൻ. ആധുനിക കേരളം ആധുനിക ആലപ്പുഴ എന്നതാണ് ലക്ഷ്യം.കളർകോട് വ്യാസ ജംഗ്ഷൻ അയ്യൻകോയിക്കൽ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ ജനതയ്ക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് റോഡ് പുനർ നിർമ്മിച്ചിരിക്കുന്നത് . ഈ റോഡ് മത്സ്യത്തൊഴിലാളികൾക്കും തീരവാസികൾക്കും ഉപയോഗപ്പെടുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ 1000 ദിവസം പൂർത്തിയാക്കുമ്പോൾ 2500 കോടി രൂപയാണ് സി. ആർ. എഫ് ഫണ്ടിൽ നിന്നും മാത്രമായി കേരളത്തിന്‌ ലഭിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനായി 50000 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് മൂന്നു വർഷത്തിനുള്ളിൽ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ 3000 പാലങ്ങൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തിനാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത്.2016-2017 സി ആർ എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 20 കോടി രൂപ മുടക്കിൽ 16.2 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമിച്ചിരിക്കുന്നത്.
തുറന്ന ജീപ്പിൽ കളർകോട്, വാടയ്ക്കൽ, വിയാനിപ്പള്ളി,വ്യാസ ജംഗ്ഷൻ, അയ്യങ്കോയിക്കൽ റോഡിലൂടെയാണ് മന്ത്രി ഉദ്ഘടന ചടങ്ങിന് എത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ജി .വേണുഗോപാൽ അധ്യക്ഷനായി. യോഗത്തിൽ ദേശീയ ദക്ഷിണ മേഖല വിഭാഗം എഞ്ചിനീയർ എസ്. സജീവ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ദേശീയ പാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡോ .സിനി, മത്സ്യഫെഡ് ചെയർമാൻ പി. പി ചിത്തരഞ്ജൻ, അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. എം ജുനൈദ്, വൈസ് പ്രസിഡന്റ്‌ മായാദേവി, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുവർണ പ്രതാപൻ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണു ലാൽ, എന്നിവർ സംസാരിച്ചു.
കാക്കാഴം പാലത്തിനു താഴെയുള്ള കയ്യേറ്റം ഒഴിപ്പിക്കണം: മന്ത്രി ജി .സുധാകരൻ

അമ്പലപ്പുഴ : കാക്കാഴം പാലത്തിനു താഴെയുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ച് അവിടെ പോലീസിന്റെ വിവിധ വകുപ്പ് ഓഫീസുകൾ പണിയണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി .സുധാകരൻ. കാക്കാഴം മേൽ പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് നിരീക്ഷണ ക്യാമറകളുടെയും ഹൈവേ ആക്ഷൻ ഫോഴ്സിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലങ്ങൾക്ക് മാത്രമല്ല പാലത്തിന്റെ അടിഭാഗത്തും വികസനം ഉണ്ടാകണം.
അമ്പലപ്പുഴയിൽ നാലുവരി പാത നിർമിക്കാനുള്ള കരാറുകൾ നടത്തിക്കഴിഞ്ഞു. അപകടങ്ങളുടെ കാര്യത്തിൽ കാക്കാഴം മേൽപാലം എന്നും മുൻപന്തിയിലാണ്. നാലു വരി പാതയുടെ വരവും ക്യാമറയുടെ സംരക്ഷണവും അപകടങ്ങളുടെ എണ്ണം കുറയ്ക്കും.
28 ലക്ഷം രൂപ ചെലവിൽ കേരളാ റോഡ് സേഫ്റ്റി അതോറിറ്റിയാണ് പാലത്തിൽ 11 ആധുനിക ക്യാമറയുൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. മേൽപ്പാലത്തിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന സൂചന നൽകി നിരവധി ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഗതാഗത ലംഘനം ക്യാമറയിൽ പതിഞ്ഞാൽ പിഴയീടാക്കാനായി നോട്ടീസ് നൽകുമെന്ന് അമ്പലപ്പുഴ പോലീസ് അറിയിച്ചു.

ജില്ലാ കളക്ടർ എസ് സുഹാസ് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണുഗോപാൽ, ജില്ലാ പോലീസ് മേധാവി കെ. എം ടോമി, ആർ .ടി . കെ. ഷിബു ഇട്ടി, അമ്പലപ്പുഴ ഇൻസ്‌പെക്ടർ ബിജു. ബി .നായർ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജി .വേണു ലാൽ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ .ഹഫ്സത്, ജില്ലാ പഞ്ചായത്ത് മെമ്പർ എ .ആർ കണ്ണൻ എന്നിവർ സംസാരിച്ചു.

ചിറക്കോട് കഞ്ഞിപ്പാടം ഗ്രാമീണ റോഡ് പുനർനിർമാണ ഉദ്ഘാടനം

അമ്പലപ്പുഴ :ചിറക്കോട് കഞ്ഞിപ്പാടം കട്ടക്കുഴി ഗ്രാമീണ റോഡുകളുടെ പുനർ നിർമാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി .സുധാകരൻ നിർവഹിച്ചു.ചരിത്രത്തിൽ ആദ്യമായാണ് പൊതുമരാമത്ത് വകുപ്പ് 101 കോടി രൂപ ഗ്രാമീണ റോഡുകൾക്കായി നൽകുന്നത്. ഇത് ഓരോ സാധാരക്കാരുടെയും വിജയമാണെന്ന് മന്ത്രി പറഞ്ഞു. .

അമ്പലപ്പുഴ തെക്ക് അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തുകളിൽ കൂടി കടന്നു പോകുന്ന എട്ടു ഗ്രാമീണ റോഡുകൾ 2017-2018 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 25 കോടി രൂപയ്ക്കാണ് നിർമിക്കുന്നത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജി .വേണുലാൽ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി .വിനു റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ .എം ജുനൈദ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഫ്സത്ത്, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പ്രജിത് കാരിക്കൽ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീജ രതീഷ്, രതിയമ്മ, ശ്രീകുമാർ, ഇന്ദിര, പൊതുമരാമത്തു വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ബ്രൂസൻ ഹെറാൾഡ് എന്നിവർ സംസാരിച്ചു.