കാലവർഷക്കെടുതിയും കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ചയും നോട്ട് നിരോധനം പോലുള്ള നടപടികൾ കമ്പോളത്തിലുണ്ടാക്കിയ പ്രതിസന്ധിയും ജി.എസ്.ടി നടപ്പാക്കിയതുമെല്ലാം കാർഷികമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് ഉൾക്കൊണ്ട് ഇടപെടുന്ന സമീപനം ദേശീയാടിസ്ഥാനത്തിൽ സ്വീകരിക്കാത്തതുകൊണ്ട് രാജ്യവ്യാപകമായിത്തന്നെ വലിയ പ്രതിഷേധങ്ങൾ ഉയർന്നുവരികയാണ്.

ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പരിമിതികൾക്കകത്തുനിന്നുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. നേരത്തെ തന്നെ കർഷകരുടെ കടങ്ങൾക്ക് പലിശ ഇളവ് ഉൾപ്പെടെയുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ, കൃഷിക്കാരെ സഹായിക്കാൻ ഫലപ്രദമായ നടപടികളാണ് വേണ്ടത്. കർഷകരുടെ പ്രയാസം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇടുക്കി, വയനാട് ജില്ലകൾക്കും കുട്ടനാടിനും വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. കാർഷികോൽപ്പന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാനുള്ള ഇടപെടലും ഇതിന്റെ ഭാഗമാണ്. കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് അടിയന്തരമായ ചില തീരുമാനങ്ങൾ മന്ത്രിസഭാ യോഗം എടുത്തിട്ടുണ്ട്.

1. പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളിൽ നിന്ന് കർഷകർ എടുത്തിട്ടുള്ള കാർഷിക വായ്പകളി•േ-ലുള്ള ജപ്തിനടപടികൾക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ദീർഘിപ്പിക്കാൻ തീരുമാനിച്ചു. ഇത് കർഷകർ എടുത്തിട്ടുള്ള എല്ലാ വായ്പകൾക്കും 2019 ഡിസംബർ 31 വരെ ബാധകമായിരിക്കും.
2. കാർഷിക കടാശ്വാസ കമ്മീഷൻ മുഖേന നിലവിൽ വയനാട് ജില്ലയിൽ 2014 മാർച്ച് 31 വരെയുള്ള കാർഷിക വായ്പകൾക്കും മറ്റ് ജില്ലകളിൽ 2011 ഒക്‌ടോബർ 31 വരെയുള്ള കാർഷിക വായ്പകൾക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്. പ്രസ്തുത തീയതി ഇടുക്കി, വയനാട് ജില്ലകളിലെ കൃഷിക്കാരുടെ 2018 ആഗസ്റ്റ് 31 വരെയുള്ള വായ്പകൾക്ക് ദീർഘിപ്പിച്ചു നൽകാൻ തീരുമാനിച്ചു. മറ്റു ജില്ലകളിൽ 2014 മാർച്ച് 31 വരെയുള്ള വായ്പകൾക്കാവും ഈ ആനുകൂല്യം ബാധകമാവുക.
3. കാർഷിക കടാശ്വാസ കമ്മീഷൻ 50,000 രൂപയ്ക്കു മേലുള്ള കുടിശ്ശികയ്ക്ക് നൽകുന്ന ആനുകൂല്യം ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ടുലക്ഷം രൂപയായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.
4. ദീർഘകാല വിളകൾക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ 9 ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു. ഒരു വർഷം വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.
5. കാർഷിക കടാശ്വാസ കമ്മീഷന്റെ പരിധിയിൽ വാണിജ്യ ബാങ്കുകളെ ഉൾപ്പെടുത്താമോ എന്ന കാര്യം പരിശോധിക്കാൻ കൃഷി-ആസൂത്രണ വകുപ്പുകളെ ചുമതലപ്പെടുത്താൻ തീരുമനിച്ചു.
6. പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നൽകുന്നതിന് 85 കോടി രൂപ ഉടനെ അനുവദിക്കാൻ തീരുമാനിച്ചു. ഇതിൽ 54 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിക്കും.
7. വിളനാശം മൂലമുള്ള നഷ്ടത്തിന് 2015 ലെ സർക്കാർ ഉത്തരവ് പ്രകാരം നൽകുന്ന ധനസഹായം കുരുമുളക്, കമുക്, ഏലം, കാപ്പി, കൊക്കോ, ജാതി, ഗ്രാമ്പു എന്നീ വിളകൾക്ക് നിലവിലുള്ള തുകയുടെ 100 ശതമാനം വർദ്ധന അനുവദിക്കാൻ തീരുമാനിച്ചു. ഈ ധനസഹായം ഇക്കഴിഞ്ഞ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്കും നൽകും.

കെ.എ.എസ്

കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് രൂപീകരിക്കുക എന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കുന്ന നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ പുതിയ സംവിധാനത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് സംവരണ കാര്യത്തിൽ ചില നിർദ്ദേശങ്ങൾ പല സംഘടനകളുടെയും ഭാഗത്തുനിന്ന് ഉയർന്നുവന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ നേരത്തെ പ്രഖ്യാപിക്കാത്ത രണ്ട് സ്ട്രീമുകളിൽ കൂടി സംവരണം നടപ്പിലാക്കാനുള്ള സാധ്യത ആരാഞ്ഞ് വീണ്ടും നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജ്ഞാപനത്തിൽ ചില ഭേദഗതികൾ വരുത്തിക്കൊണ്ട് ഈ രണ്ട് സ്ട്രീമുകളിൽ കൂടി സംവരണം ബാധമാക്കാമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ വിശേഷാൽ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മുന്നോക്ക സമുദായത്തിലെ സംവരണം

എൽ.ഡി.എഫ് പ്രകടനപത്രികയിൽ നേരത്തെ തന്നെ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് സംവരണം ഏർപ്പെടുത്തുന്നതിനുള്ള ഇടപെടൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങൾക്ക് ആവശ്യമായ വ്യവസ്ഥകൾ തയ്യാറാക്കാമെന്ന് കേന്ദ്രസർക്കാരിന്റെ വിജ്ഞാപനത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സവിശേഷതകൾ കൂടി പരിഗണിച്ച് മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്കുതന്നെ സംവരണം ഉറപ്പുവരുത്തുന്ന തരത്തിൽ വ്യവസ്ഥകൾ ക്രമീകരിക്കുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സാമ്പത്തികമായ പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് ഒരു കമ്മീഷനെ ഈ മന്ത്രിസഭാ യോഗം നിശ്ചയിച്ചു. മൂന്നുമാസത്തിനകം റിപ്പോർട്ട് ലഭ്യമാക്കി ദ്രുതഗതിയിൽ ഇത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ശിപാർശകൾ സമർപ്പിക്കുന്നതിന് റിട്ട. ജില്ലാ ജഡ്ജി കെ. ശശിധരൻനായരെയും അഡ്വ. കെ. രാജഗോപാലൻ നായരെയും കമ്മീഷനായി നിയോഗിക്കാൻ തീരുമാനിച്ചു.

മുന്നോക്ക കമ്മീഷൻ

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള കമ്മീഷന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ അത് പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. റിട്ട. ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ ചെയർമാനായുള്ള മൂന്നംഗ കമ്മീഷനെയാണ് നിയമിക്കുന്നത്.

റീബിൽഡ് കേരള

കേരളം നേരിട്ട ഏറ്റവും വലിയ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിശദമായ പഠനം യു.എൻ ഏജൻസികളും ലോക ബാങ്കും ചേർന്ന് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ കേരള നിർമ്മിതിക്ക് ഏകദേശം 32,000 കോടി രൂപ ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു.

ഈ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്ന പുനർനിർമ്മാണ സംവിധാനത്തിന് രൂപം നൽകുകയുണ്ടായി. ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ലോകബാങ്കിന്റെ ആദ്യ വികസന വായ്പയായി ഏകദേശം 3500 കോടി രൂപ ലഭ്യമാക്കാനുള്ള നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. 70:30 അനുപാതത്തിലാകും വായ്പ ലഭ്യമാക്കുക. ലോകബാങ്ക് 3500 കോടി രൂപ ലഭ്യമാക്കുമ്പോൾ പദ്ധതി പ്രവർത്തനത്തിനായി ആകെ 5000 കോടിയിലധികം രൂപ കേരളത്തിന് ഉപയോഗിക്കാനാകും. ഈ വർഷം ജൂൺ, ജൂലൈ മാസത്തോടെ വായ്പ ലഭിക്കുന്നതിനാവശ്യമായ തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇതിനു പുറമെ, ബൃഹത്തായ പുനർനിർമ്മാണത്തിനായി ദുരന്തനിവാരണം, പരിസ്ഥിതി, സ്ഥാപന ശാക്തീകരണം, വിവര സമുച്ചയങ്ങളുടെ ഉപയോഗം എന്നീ നാലു തലങ്ങളും ജലവിഭവം, ജലവിതരണം, സാനിറ്റേഷൻ, നഗരമേഖല, റോഡുകളും പാലങ്ങളും, ഗതാഗതം, വനം, കൃഷിയും അനുബന്ധ മേഖലകളും, മത്സ്യബന്ധനം, ഉപജീവനം, ഭൂവിനിയോഗം എന്നീ 11 മേഖലകളും ഉൾപ്പെടുന്ന റീബിൽഡ് കേരള വികസന പദ്ധതിയുടെ കരട് രേഖ മന്ത്രിസഭ പരിഗണിച്ചു.

ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി ഈ രേഖ ഇന്ന് വൈകുന്നേരം വിലയിരുത്തും. പൊതുജനങ്ങളുടെയും വിദേശ മലയാളികളുടെയും പ്രൊഫഷണലുകളുടെയും ആർ.കെ.ഐ ഉപദേശകസമിതിയുടെയും അഭിപ്രായനിർദ്ദേശങ്ങൾ കൂടി ശേഖരിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും അംഗീകാരങ്ങൾ നൽകാനും ചീഫ് സെക്രട്ടറിയെയും ആർ.കെ.ഐ സി.ഇ.ഒയെയും മന്ത്രിസഭ ചുമതലപ്പെടുത്തി.

വായ്പ ലഭ്യമാക്കുന്നതിനു മുന്നോടിയായി അംഗീകരിക്കേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകുകയും തുടർനടപടികൾ സ്വീകരിക്കാൻ അതത് വകുപ്പുകളെ ചുമതലപ്പെടുത്തുകയും ചെയ്തു.

പുറമ്പോക്കിൽ താമസിക്കുന്ന വീട് നഷ്ടപ്പെട്ട പ്രളയബാധിതർക്ക് പുനരധിവാസ സഹായം

പുറമ്പോക്കിൽ താമസിക്കുന്ന പ്രളയബാധിത കുടുംബങ്ങൾക്ക് അവർ താമസിക്കുന്ന വികസന ബ്ലോക്കിൽ തന്നെ സർക്കാർ ഭൂമി ലഭ്യമാണെങ്കിൽ ചുരുങ്ങിയത് മൂന്ന് സെന്റോ പരമാവധി 5 സെന്റോ പതിച്ചു നൽകാൻ തീരുമനിച്ചു. ഇവിടെ പുതിയ വീട് നിർമ്മിക്കാൻ നാലുലക്ഷം രൂപ അനുവദിക്കും.
സർക്കാർ വക ഭൂമി ലഭ്യമല്ലെങ്കിൽ ചുരുങ്ങിയത് മൂന്നു സെന്റ് ഭൂമി വാങ്ങുന്നതിന് പരമാവധി ആറുലക്ഷം രൂപയും നൽകുന്നതാണ്. ഇത്തരത്തിൽ വാങ്ങിയ സ്ഥലത്ത് വീട് നിർമ്മിക്കാൻ പരമാവധി നാലു ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. ഇതിന് വേണ്ടിവരുന്ന ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വഹിക്കും.

ഓഖി ദുരന്ത ബാധിതരായ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയുടെ നിലവാരം ഉയർത്തുന്നതിനും തൊഴിൽ പുനഃസ്ഥാപനത്തിനുമായി 120 എഫ്.ആർ.പി ബോട്ടുകൾ വാങ്ങുന്നതിന് 7.94 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഓഖി ഫണ്ടിൽനിന്ന് ലഭ്യമാക്കാൻ തീരുമാനിച്ചു.

വിഴിഞ്ഞം തുറമുഖപ്രദേശത്ത് ഓഖി ദുരന്ത ബാധിതരായ മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ ജീവിതസാഹചര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി നാലുകോടി രൂപ അടങ്കൽ വരുന്ന ഒരു ആധുനിക സമുദ്ര ഭക്ഷ്യസംസ്‌കരണ യൂണിറ്റും വിപണന ഔട്ട്‌ലെറ്റും ആരംഭിക്കുന്നതിനും ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ ഫണ്ടിൽനിന്ന് ലഭ്യമാക്കാനും തീരുമാനിച്ചു.

ജിയോളജിസ്റ്റും കൃഷി ഓഫീസറും വില്ലേജ് ഓഫീസറും ഉൾപ്പെടുന്ന ഒരു കമ്മിറ്റി കൃഷിയോഗ്യമല്ലെന്നും ഖനനത്തിന് യോഗ്യമാണെന്നും സ്ഥലം സന്ദർശിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുന്ന മുറയ്ക്ക് ജില്ലാ കളക്ടറുടെ എൻ.ഒ.സി യുടെ അടിസ്ഥാനത്തിൽ അവിടെ ഖനനാനുമതി നൽകാവുന്നതാണ്. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ ഖനനാനുമതി നൽകിയിട്ടുള്ള പ്രദേശങ്ങളിൽ സർക്കാർ ഭൂമിയിൽനിന്ന് ഖനനം ചെയ്യുന്നതിന് ഈടാക്കുന്ന സീനിയറേജ് ബാധകമാക്കാനും തീരുമാനിച്ചു.

2017-ൽ സൃഷ്ടിച്ച 400 പോലീസ് കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിൽ നിന്നും 57 തസ്തികകൾ മാറ്റി, 38 തസ്തികകൾ ഹെഡ്‌കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയായും 19 തസ്തികകൾ എ.എസ്.ഐ (ഡ്രൈവർ) തസ്തികയായും അപ്‌ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചു