തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ (കെ.എ.എസ്.പി.) ചികിത്സാകാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പൂവച്ചല്‍ സ്വദേശികളായ റെജിന്‍, ഇന്ദിര എന്നിവര്‍ക്കാണ് ആദ്യ ചികിത്സാ കാര്‍ഡ് നല്‍കിയത്. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, കെ.എ.എസ്.പി. സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ചിയാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളേയും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയേയും സംയോജിപ്പിച്ചുകൊണ്ടാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുന്നതാണെന്നും മന്ത്രി പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നും ഈ പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്. 41 ലക്ഷം കുടുംബങ്ങള്‍ക്കാണ് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. നിലവില്‍ ആര്‍.എസ്.ബി.വൈ., ചിസ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുബങ്ങളും ഈ പദ്ധതിയുടെ കീഴില്‍ വരുന്നതാണ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് 1,824 മെഡിക്കല്‍ പാക്കേജുക്കള്‍ക്കുള്ള നിരക്കുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.