* കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മണ്ണ് ജലസംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ ചിലവഴിച്ചാണ് തടയണ നിർമ്മിച്ചത്.

കുറുപ്പംപടി : കൂവപ്പടി പഞ്ചായത്തിലെ പുഞ്ചക്കുഴി തോട്ടിലെ അമ്പാടം ഭാഗത്തെ തടയണയും ,ലീഡിംഗ് ചാനലും പണി പൂർത്തിയായി .തടയണയിലെ ഷട്ടർ ഇടുന്ന പ്രവർത്തി ബ്ലോക്ക് പഞ്ചായത്തംഗം എം.പി.പ്രകാശ് നിർവ്വഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മണ്ണ് ജലസംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ ചിലവഴിച്ചാണ് തടയണ നിർമ്മിച്ചത്. വേനൽക്കാലത്ത് അമ്പാടം ലിഫ്റ്റ് ഇറിഗേഷന്റെ പ്രവർത്തനത്തിനും, പ്രദേശത്തെ ജലവിതാനം ഉയർത്താനും ഈ തടയണ ഏറെ സഹായിക്കും .തടയണയിലെ വെള്ളം ലീഡിംഗ് ചാനൽ വഴി മറുകരയിലെ അമ്പാടം ലിഫ്റ്റ് ഇറിഗേഷന്റെ കുളത്തിൽ എത്തിച്ച് സുഗമമായി പമ്പിംഗ് നടക്കുന്നത് മൂലം കൃഷിയുടെയും , കുടിവെള്ളത്തിന്റെ കാര്യത്തിലും നാട്ടുകാർക്ക് ആശ്വാസമാകും ഈ തടയണ .കൂടാതെ കുളിക്കാനും ,തുണി അലക്കുന്നതിനുമുള്ള പടവുകൾ കൂടി തോട്ടിൽ നിർമ്മിച്ചിട്ടുണ്ട്.

ഗ്രാമ പഞ്ചായത്തംഗം സിന്ധു അരവിന്ദ് എ.ഡി.എസ് പ്രസിഡന്റ് മേരി ക്ലീറ്റസ് ,വാർഡ് വികസന സമിതി ചെയർമാൻ സുന്ദരൻ ചെട്ടിയാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ:തടയണയിലെ ഷട്ടർ ഇടുന്ന പ്രവർത്തി ബ്ലോക്ക് പഞ്ചായത്തംഗം എം.പി.പ്രകാശ് നിർവഹിക്കുന്നു