വയനാട് ജില്ലയിൽ ശിശു സംരക്ഷണകേന്ദ്രം ആരംഭിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി. ജില്ലാ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ അഡീഷണൽ ഡെവലപ്‌മെന്റ് കമ്മീഷണർ പി. ബൈജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല എക്‌സിക്യൂട്ടീവ് സമിതി യോഗത്തിലാണ് തീരുമാനം. കുട്ടികൾക്ക് അവധിക്കാലത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ ബാലസഭകളെ ഉൾപ്പെടുത്തി ക്യാമ്പ് നടത്തും. കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങളിൽ പൊലീസിന്റെ ഭാഗത്തുനിന്നും ജുവനൈൽ ജസ്റ്റിസ് ആക്ടിനു വിരുദ്ധമായ പ്രവർത്തനങ്ങൾ പ്രകടമാകുന്നുണ്ടെന്ന് യോഗം വിലയിരുത്തി. അവ പരിശോധിച്ച് അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് സുപ്രണ്ടിനോട് ആവശ്യപ്പെടും. ശിശുക്ഷേമ സമിതി സെക്രട്ടറി പി. സുരേഷ്, തണൽ കോ-ഓഡിനേറ്റർ കെ.എ അലിയാർ, മറ്റു അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.