ശിലാസ്ഥാപനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു
ഏഴ് കമ്മീഷനുകളുടെ ഓഫീസ് പ്രവർത്തിക്കുന്നതിനായി തിരുവനന്തപുരത്ത് പട്ടം ലീഗൽ മെട്രോളജി ഓഫീസിനു സമീപത്തായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. കെട്ടിടനിർമ്മാണ രംഗത്ത് വലിയ മുന്നേറ്റമാണ് ഈ വകുപ്പിന് കീഴിൽ നടക്കുന്നതെന്നും മികച്ച രീതിയിലാണ് നിർമ്മാണങ്ങളെന്നും മന്ത്രി പറഞ്ഞു. സ്വന്തം കെട്ടിടങ്ങളിലേക്ക് മാറുന്നതോടെ വാടകയിനത്തിൽ സർക്കാരിനുണ്ടാകുന്ന നഷ്ടമൊഴിവാക്കാമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ. മുരളീധരൻ എം.എൽ.എ. പറഞ്ഞു.
പൊതുമരാമത്ത് ഫണ്ടിൽ നിന്നും 45 കോടി രൂപയുടെ ഭരണാനുമതിയാണ് നിർമ്മാണത്തിനായി ലഭിച്ചത്. പട്ടത്തെ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള 50 സെന്റ് ഭൂമിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. പത്ത് നിലയായി വിഭാവനം ചെയ്തിരിക്കുന്ന കെട്ടിടത്തിന് 8664 ചതുരശ്ര അടി മീറ്റർ വിസ്തീർണ്ണമാണുള്ളത്. അടിയിലെ മൂന്ന് നിലകൾ പാർക്കിങ്ങിനും മറ്റു സൗകര്യങ്ങൾക്കും തുടർന്നുള്ള നിലകളിൽ ലോകായുക്ത, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, ന്യൂനപക്ഷ കമ്മീഷൻ, കാർഷിക കടാശ്വാസ കമ്മീഷൻ, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ, ബയോഡൈവേഴ്‌സിറ്റി ബോർഡ് എന്ന ഓഫീസുകൾക്കുള്ള സൗകര്യമാണ് തയ്യാറാകുന്നത്.  അംഗപരിമിതർക്കുള്ള സൗകര്യങ്ങൾ, ലോബികൾ, ലൈബ്രറി എന്നിവ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്. ആധുനിക മാതൃകയിൽ സൗരോർജ വൈദ്യുതി ഉപയോഗിക്കുംവിധം ഹരിത കെട്ടിട ആശയം ഉൾപ്പെടുത്തിയാണ് നിർമ്മാണങ്ങൾ നടത്തുക.
മേയർ വി.കെ. പ്രശാന്ത്, കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ ഇ. കെ. ഹൈദ്രു, മനുഷ്യാവകാശ കമ്മീഷൻ സെക്രട്ടറി മുഹമ്മദ് റാഫി, ഹരിലാൽ ഡി, ജ്യോതി ആർ. തുടങ്ങിയവർ സംസാരിച്ചു.