ശബരിമല: ചിപ്പിയുടെ നര്‍ത്തന വൈഭവത്തിന് അയ്യപ്പ സന്നിധിയിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ വരവേല്‍പ്പ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുക എന്ന ലക്ഷ്യമാണ് ഒന്‍പത് വയസുമാത്രമുള്ള ചിപ്പിയെന്ന നര്‍ത്തകിയെ വ്യത്യസ്തയാക്കുന്നത്. ചിപ്പിയുടെ 105-ാമത്തെ നൃത്തവേദി ആയിരുന്നു ഇന്നലെ അയ്യപ്പ സന്നിധിയിലേത്. ആലപ്പുഴ വള്ളിക്കുന്നം സ്വദേശികളായ അയിക്കോമത്ത് പ്രദീപ്-ചിത്ര ദമ്പതിമാരുടെ മകളാണ ്ചിപ്പി. വേദികളില്‍ നൃത്തം അവതരിപ്പിക്കുമ്പോള്‍ സംഭാവനയായി കിട്ടുന്ന ചില്ലറ നാണയങ്ങള്‍ നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ ചികില്‍സയ്ക്ക് നല്‍കും. ബിഷപ്പ്മൂര്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ചിപ്പി. മൂന്നരവയസില്‍ നൃത്തമഭ്യസിച്ച ചിപ്പി 2014 മേയ് 12ന് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലാണ് അരങ്ങേറ്റം കുറിച്ചത്. തിരുവനന്തപുരം ആര്‍.സി.സിയിലും ഗുരുവായൂര്‍ തുടങ്ങിയ പ്രസിദ്ധമായ ക്ഷേത്രങ്ങളിലും ചിപ്പി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പ്രതിഫലം കൂടാതെ നൃത്തം അഭ്യസിപ്പിക്കുന്ന കെ എസ് പുരം സാവിത്രി രാമചന്ദ്രനാണ് ചിപ്പിയുടെ ഗുരു. ഓട്ടോ ഡ്രൈവറായ പിതാവ് പ്രതീപാണ് ചിപ്പിയ്ക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കുന്നത്. ഒന്നര വയസുകാരന്‍ മണികണ്ഠന്‍ അനിയനാണ്.