അന്താരാഷ്ട്ര വനിതാദിനം സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഐ. സി. ഡി. എസ് പുരസ്‌കാരവിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
നവോത്ഥാനത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് സംഘടിപ്പിച്ച വനിതാ മതിലിനുള്ള ബഹുമതി പത്രം മുഖ്യമന്ത്രി നൽകി. ഏറ്റവും അധികം വനിതകൾ അണിനിരന്ന മതിലിനുള്ള ബഹുമതി പത്രം പുന്നലശ്രീകുമാർ, അഡ്വ. സതീദേവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടകർ ഏറ്റുവാങ്ങി. ഐ. സി. ഡി. എസിന് മികച്ച പിന്തുണ നൽകിയ മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്‌കാരം എറണാകുളം കളക്ടർ മുഹമ്മദ് വൈ സഫിറുള്ളയ്ക്ക് മുഖ്യമന്ത്രി നൽകി.
സ്ത്രീ സുരക്ഷയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് വിപുലമായ പ്രചാരണം നടത്തുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. അംഗൻവാടി അധ്യാപകർ, ഹെൽപർമാർ, ആശാവർക്കർമാർ, കുടുംബശ്രീ സി. ഡി. എസ് ചെയർപേഴ്‌സൺമാർ എന്നിവരുടെ ആരോഗ്യ പരിശോധനയ്ക്കായി സംവിധാനം ഏർപ്പെടുത്തും. അനീമിയ, രക്തസമ്മർദ്ദം, ഹീമോഗ്‌ളോബിൻ എന്നിവയാണ് പരിശോധിക്കുക.
ഭരണഘടനാദത്തമായ അവകാശങ്ങൾ ഇന്ത്യയിൽ സ്ത്രീകൾക്ക് ഇന്നും പൂർണമായി ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ദുരാചാരങ്ങൾ പുതിയ തലമുറയിലേക്ക് പകരരുത്. പോരാട്ടങ്ങളിലൂടെയാണ് സ്ത്രീകൾ മിക്ക അവകാശങ്ങളും നേടിയെടുത്തതെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, പ്ലാനിംഗ് ബോർഡ് അംഗം മൃദുൽ ഈപ്പൻ, ജെൻഡർ അഡൈ്വസർ ആനന്ദി ടി. കെ, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, സംസ്ഥാന വനിതാ വികസന കോർപറേഷൻ വി. സി. ബിന്ദു, സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ എന്നിവർ സംസാരിച്ചു.