ജലവിതരണം ജനുവരി 11 മുതല്‍  ആരംഭിക്കും
കൊച്ചി: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തന മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ കനാലുകളുടെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ജലവിതരണം ആരംഭിക്കും. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെ അദ്ധ്യക്ഷതയില്‍ എംഎല്‍എമാരായ വി പി സജീന്ദ്രന്‍, ആന്റണി ജോണ്‍, എല്‍ദോ എബ്രഹാം, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
പെരിയാര്‍ വാലി ഇറിഗേഷന്‍ പദ്ധതി (പിവിഐപി) കനാലുകളിലൂടെയുള്ള ജലവിതരണം ജനുവരി 11 മുതലും മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതി (എംവിഐപി) കനാലുകളിലൂടെയുള്ള ജലവിതരണം ജനുവരി 15 മുതലും ആരംഭിക്കും. കഴിഞ്ഞ വര്‍ ഷ ത്തെ ജലവിതരണ ക്രമീകരണം അതേപടി തുടരുവാനും യോഗം തീരുമാനിച്ചു.. പരാതിയ്ക്കിടവരാത്തവിധത്തില്‍ എല്ലാ പ്രദേശങ്ങളിലേക്കും കുടിവെള്ളം, കൃഷി ആവശ്യത്തിനുള്ള വെള്ളം ഉറപ്പാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
നിയമസഭാ സബ്ജക്ട് കമ്മിറ്റി തെളിവെടുപ്പ് ഡിസംബര്‍ 19ന്
കൊച്ചി: നിയമസഭയുടെ വിദ്യാഭ്യാസം സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി ഡിസംബര്‍ 19ന് രാവിലെ 10ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരിവസ്തുക്കളുടെ ഉപയോഗം എന്ന വിഷയം സംബന്ധിച്ച് ജില്ലയിലെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട വ്യക്തികളില്‍ നിന്നും തെളിവെടുപ്പ് നടത്തും. യോഗത്തില്‍ സമിതി ചെയര്‍മാന്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും എക്‌സ് ഒഫിഷ്യോ അംഗങ്ങളായ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക സമുദായക്ഷേമമന്ത്രി എ കെ ബാലനും വ്യവസായമന്ത്രി എ സി മൊയ്തീനും മറ്റ് എട്ട് എംഎല്‍എമാരും പങ്കെടുക്കും.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥി പ്രതിനിധികള്‍, ജാഗ്രതാ സമിതികള്‍, പി.ടി.എ പ്രതിനിധി/രക്ഷകര്‍ത്താവ്, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കോളേജുകളിലെയും എന്‍.എസ്.എസ് സെല്‍, ഗവണ്‍മെന്റേതര സംഘടനാപ്രതിനിധികള്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും.