തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം വോട്ടർമാർക്കു തന്നെ തടയാനുള്ള മൊബൈൽ ആപ്ലിക്കേഷനുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. സിറ്റിസൺസ് വിജിൽ (സി-വിജിൽ) ആപ്ലിക്കേഷനിലൂടെ ചട്ടലംഘനം മിനിറ്റുകൾക്കുള്ളിൽ റിട്ടേണിങ് ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിയുംവിധത്തിലാണ് കമ്മീഷന്റെ ഇടപെടൽ. ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയോ വീഡിയയോ എടുത്ത് ആപ്പിൽ അപ്‌ലോഡ് ചെയ്താൽ പരാതിയായി പരിഗണിക്കും. ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിച്ച് ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാവും. പരാതി അപ്‌ലോഡ് ചെയ്തു കഴിയുന്നതോടെ ഒരു യുണീക് ഐഡി ലഭിക്കും. ഇതിലൂടെ ഇതിന്റെ ഫോളോഅപ്പ് മൊബൈലിൽ തന്നെ ട്രാക്ക് ചെയ്യാൻ വോട്ടർക്കു കഴിയും. ഒരാൾക്ക് ഒന്നിലധികം ചട്ടലംഘനം റിപോർട്ട് ചെയ്യാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. പരാതിക്കാരന്റെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ആപ്പിന്റെ ദുരുപയോഗം തടയുന്നതിനുള്ള ഫീച്ചറുകൾ ഇതിൽ തന്നെയുണ്ട്. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഫോട്ടോയോ വീഡിയയോ ക്ലിക്ക് ചെയ്തതിനു ശേഷം സംഭവം റിപോർട്ട് ചെയ്യാൻ അഞ്ചു മിനിറ്റ് ലഭിക്കും. നേരത്തെ റെക്കോഡ് ചെയ്ത വീഡിയയോ പഴയ ഫോട്ടയോ അപ്‌ലോഡ് ചെയ്യാൻ സാധ്യമല്ല.