ജില്ലയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമാധാനപരവും സുതാര്യവുമായി നടത്തുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുന്ന പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും ഒഴിവാക്കണം. എതിര്‍സ്ഥാനാര്‍ഥിക്കെതിരെ വ്യക്തിപരമായോ അടിസ്ഥാനരഹിതമായോ ആരോപണങ്ങള്‍ ഉന്നയിക്കരുത്. മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ തിരഞ്ഞെടുപ്പ് റാലിയിലേക്ക് റാലി നയിക്കുക, പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കല്‍ തുടങ്ങിയ പ്രകോനപരമായ നടപടികള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും കലക്ടര്‍ പറഞ്ഞു. ഇത്തവണ തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടപ്പാക്കാനും എല്ലാ കക്ഷികളും ശ്രദ്ധിക്കണം. ഫ്‌ളക്‌സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ തുടങ്ങിയ ഉപയോഗിക്കരുത്. രാവിലെ ആറു മുതല്‍ രാത്രി 10 വരെ മാത്രമേ പ്രചാരണ പരിപാടികള്‍ നടത്തുവാന്‍ പാടുള്ളു.
സര്‍ക്കാര്‍ കെട്ടിടങ്ങള്‍, മതിലുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പരസ്യങ്ങള്‍ പാടില്ല. ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗപ്പെടുത്തരുത്. സ്വകാര്യ വ്യക്തിയുടെ മതിലുകള്‍, കെട്ടിടങ്ങള്‍ എന്നിവ പരസ്യത്തിനായി ഉപയോഗിക്കണമെങ്കില്‍ ഉടമയുടെ രേഖാമൂലമുള്ള സമ്മതം വാങ്ങിയിരിക്കണം. റാലികള്‍, പ്രകടനങ്ങള്‍ എന്നിവയ്ക്ക് മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നും കലക്ടര്‍ പറഞ്ഞു.