കാക്കനാട്: ‘ഒരു വോട്ടർ പോലും ഒഴിവാക്കപ്പെടരുത്’ എന്ന തലക്കെട്ടോടെ സിവിൽ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന സിഗ്നേച്ചർ വാൾ ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫിറുള്ള ഉദ്ഘാടനം ചെയ്തു. ‘കം ആന്റ് വോട്ട് ഫോർ അവർ കൺട്രി’ എന്നെഴുതി ഒപ്പിട്ടാണ് കളക്ടർ ഉദ്ഘാടനം നിർവ്വഹിച്ചത്. ഒരു വോട്ടർക്ക് തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ രാഷ്ട്രീയമില്ലാതെ സിഗ്നേച്ചർ വാളിലൂടെ അറിയിക്കാം. സിവിൽ സ്റ്റേഷൻ കൂടാതെ എല്ലാ താലൂക്കുകളിലും സിഗ്നേച്ചർ വാളുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ച് തുണിയിലാണ് വാൾ തീർത്തിരിക്കുന്നത്.

ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി.ഡി ഷീലാ ദേവി, സ്വീപ് ജില്ലാ നോഡൽ ഓഫീസർ ബീന പി. ആനന്ദ് എന്നിവരോടൊപ്പം സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവരും സിഗ്നേച്ചർ വാളിൽ അവരുടെ അഭിപ്രായങ്ങൾ എഴുതി ഒപ്പിട്ടു.