…36 പരാതികള്‍ പരിഹരിച്ചു

ജില്ലാ കളക്ടര്‍ ഡോ. ബി എസ് തിരുമേനിയുടെ നേതൃത്വത്തില്‍ നടന്ന കളക്ടറുടെ കോട്ടയം താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ നേരത്തെ ലഭിച്ച 41 പരാതികളില്‍ 36 എണ്ണത്തിന് തീര്‍പ്പു കല്‍പിച്ചു. പുതുതായി ലഭിച്ച പരാതികളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് തേടിയതിനുശേഷം പരിഹരിക്കേണ്ടവ മറ്റു വകുപ്പുകള്‍ക്ക് അയച്ചു. ബാങ്ക് വായ്പ തിരിച്ചടവ്, കെട്ടിട നികുതി, കുടിവെളള പ്രശ്നം, മലിനജലം പുരയിടത്തിലേക്കൊഴുക്കുന്നു തുടങ്ങി വിവിധങ്ങളായ പരാതികളാണ് പരിഗണിച്ചതിലധികവും. കുമരകം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വിവാഹാവശ്യത്തിന് എടുത്ത വായ്പ തിരിച്ചടവ് മുടങ്ങി ജപ്തി നടപടികളിലേക്ക് നീങ്ങിയത് സംബന്ധിച്ചുളള പരാതിയില്‍ പരാതിക്കാരന്റെ നിലവിലെ സാഹചര്യം പരിഗണിച്ച് പലിശയിനത്തില്‍ ഇളവു നല്‍കി തീര്‍പ്പാക്കാന്‍ ധാരണയായി. കെ പി എസ് മേനോന്‍ ഹാളില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ അലക്സ് ജോസഫ്, തഹസില്‍ദാര്‍ ദിനേശ്കുമാര്‍, തഹസില്‍ദാര്‍ (ഭൂരേഖ) ഗീതാകുമാരി, വില്ലേജ് ഓഫീസര്‍മാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചികിത്സാ ധനസഹായം, റേഷന്‍കാര്‍ഡ്, റീസര്‍വ്വെ, പോക്കുവരവ് തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ പരിഗണിക്കുന്നത് നേരത്തെ ഒഴിവാക്കിയിരുന്നു.
വിമുക്തഭട•ാര്‍ ജീവനസാക്ഷ്യപത്രം സമര്‍പ്പിക്കണം
കേന്ദ്രീയ സൈനിക ബോര്‍ഡില്‍ നിന്നും പെന്യൂറി ഗ്രാന്റ് ലഭിച്ചു കൊണ്ടിരിക്കുന്ന വിമുക്തഭടന്മാര്‍/വിധവകള്‍, തുടര്‍ന്നും ഗ്രാന്റ് ലഭിക്കുന്നതിനായി 2018 മാര്‍ച്ച് ഒന്നിന് മുന്‍പായി ജീവനസാക്ഷ്യപത്രം ഹാജരാക്കണമെന്നും മുന്‍വര്‍ഷങ്ങളില്‍ ജീവനസാക്ഷ്യപത്രം നല്‍കിയിട്ടും ഗ്രാന്റ് ലഭിക്കാത്തവര്‍ ഈ ഓഫീസില്‍ വിവരം അറിയിക്കണമെന്നും ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0481 2371187