ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്‌ട്രേറ്റില്‍ സജ്ജീകരിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റി(എം.സി.എം.സി) സെല്‍ ജില്ലാ             കളക്ടര്‍ പി. കെ. സുധീര്‍ ബാബു ഉദ്ഘാടനം ചെയ്തു. കളക്‌ട്രേറ്റിലെ ഒന്നാം നിലയില്‍ എഡിഎമ്മിന്റെ ഓഫീസിന് സമീപത്താണ് സെല്‍ പ്രവര്‍ത്തിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുകയും പെയ്ഡ് ന്യൂസുകള്‍ കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയുമാണ് എം.സി.എം.സിയുടെ ചുമതല. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള കമ്മിറ്റിയുടെ നിരീക്ഷ വിഭാഗത്തില്‍ വിവിധ വകുപ്പുകളില്‍നിന്നുള്ള ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്.
ടെലിവിഷന്‍ ചാനലുകള്‍, റേഡിയോ, പത്രമാസികകള്‍ എന്നിവയില്‍ വരുന്ന വാര്‍ത്തകള്‍, പരസ്യങ്ങള്‍, സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ തുടങ്ങിയവ എം.സി.എം.സി സെല്ലില്‍ നിരീക്ഷിക്കും. ഇതിനായി ടെലിവിഷന്‍ സെറ്റുകളും മറ്റ് മാധ്യമങ്ങളും സെല്ലില്‍ ലഭ്യമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ നല്‍കുന്നതിന് മുമ്പ് എം.സി.എം.സിയുടെ അംഗീകാരം നേടേണ്ടതുണ്ട്.
ഉദ്ഘാടനച്ചടങ്ങില്‍ എം.സി.എം.സി അംഗമായ ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ സുധ നമ്പൂതിരി, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.വി സുരേഷ്‌കുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ ബി. അശോക് തുടങ്ങിയവര്‍ പങ്കെടുത്തു.