സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്) പ്രോഗ്രാമിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ആദിവാസി കോളനികളിൽ തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടി നടത്തി. തിരുനെല്ലി പഞ്ചായത്തിലെ രണ്ടാംഗേറ്റ് നാരങ്ങാക്കുന്ന്, അംബേദ്കർ കോളനികൾ, തവിഞ്ഞാൽ പഞ്ചായത്തിലെ ഗോദാവരി, കരിമത്തിൽ കോളനികൾ, വാളാട് എടത്തന കോളനി, സുൽത്താൻ ബത്തേരി താലൂക്കിലെ ആനപ്പാടി, തിരുവണ്ണൂർ, ചുണ്ടപ്പാടി, നായ്ക്കട്ടി, പൊൻകുഴി എന്നിവിടങ്ങളിലായിരുന്നു ബോധവൽക്കരണം. രണ്ടുദിവസങ്ങളിലായി നടന്ന പരിപാടിയിൽ വിവിധ ആദിവാസി കോളനികളിൽ നിന്നും ആയിരത്തോളം പേർ പങ്കെടുത്തു. ഇതോടെ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിക്ക് വൻ സ്വീകാര്യതയും ലഭിച്ചു. മാർച്ച് 20ന് സുൽത്താൻ ബത്തേരി ഡോൺ ബോസ്‌കോ, കോ-ഓപറേറ്റീവ് കോളജുകളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും.
കോളനിയിലെ പലർക്കും വോട്ട് രേഖപ്പെടുത്തുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. ഇതിന്റെ ഭാഗമായി വോട്ട് എങ്ങനെ രേഖപ്പെടുത്തണമെന്നതിനെക്കുറിച്ചും വിവി പാറ്റ് സംവിധാനം, സമ്മതിദാനാവകാശ വിനിയോഗത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ചും അവബോധം നൽകി. സ്വീപ് നോഡൽ ഓഫിസർ എൻ.ഐ ഷാജു, ഡെപ്യൂട്ടി തഹസിൽദാർ ബിന്ദു, വില്ലേജ് ഓഫീസർമാരായ ജ്യോതി ജെയിംസ്, ഹരിത ഹരി, പ്രീതി, ബിന്ദു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.