വോട്ടർമാരുടെ ശ്രദ്ധയാകർഷിച്ച് സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്) പ്രോഗ്രാം. ആദിവാസി കോളനികളിലെ പ്രവർത്തനങ്ങൾക്കൊപ്പം സ്വീപ് ബോധവൽക്കരണം പുതു വോട്ടർമാരെ തേടി കലാലയങ്ങളിലേക്കും സഞ്ചരിക്കുകയാണ്. വോട്ടിങ് ബോധവത്കരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എ.ആർ അജയകുമാർ കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളേജിൽ കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് താലൂക്ക് അടിസ്ഥാനത്തിലും സ്വീപ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഒരു പോളിങ് ബൂത്തിലെത്തുന്ന വോട്ടർമാർ അറിയേണ്ട കാര്യങ്ങളും സുതാര്യമായ വോട്ടിങ് നടപടിക്രമങ്ങളും ഇലക്ട്രോണിക് വോട്ടിങ് മെഷിൻ, വിവിപാറ്റ് അടക്കമുള്ള സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ പരിചയപ്പെടുത്തുകയാണ്. വോട്ടർമാരുടെ ഉത്കണ്ഠയും സംശയവും നിവാരണം ചെയ്തു വോട്ടിങ് കൂടുതൽ സൗഹൃദമാക്കുകയാണ് സ്വീപ് പരിപാടിയിലൂടെ.
മാനന്തവാടി മേരിമാതാ കോളജിലും കൽപ്പറ്റ എംഇഎസ് വിമൻസ് കോളജിലും സ്വീപ് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് പ്രക്രീയയെ കുറിച്ച് ബോധവൽക്കരണം നൽകി. ഇരു കലാലയങ്ങളിൽ നിന്നുമായി മുന്നൂറ്റമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വോട്ടിങ് മെഷിനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി നൽകി. വോട്ടിങ് പ്രക്രീയ പരിചയപ്പെട്ട പുതുവോട്ടർമാർക്കും സ്വീപ് ആവേശമായി.
വിവിധ പരിപാടികളിലായി സ്വീപ് ജില്ലാ നോഡൽ ഓഫീസർ എൻ.ഐ ഷാജു, കളക്ടറേറ്റ് സീനിയർ സുപ്രണ്ട് ഇ. സുരേഷ് ബാബു, മാനന്തവാടി മേരിമാതാ കോളജ് പ്രിൻസിപ്പാൾ സാവിയോ ജെയിംസ്, കൽപ്പറ്റ എംഇഎസ് വിമൻസ് കോളജ് പ്രിൻസിപ്പാൾ ശ്രീജ രാധാകൃഷ്ണൻ, സ്വീപ് മാസ്റ്റർ ട്രെയിനർമാരായ ബിന്ദു, ഉമ്മറലി പാറച്ചോടൻ, വില്ലേജ് ഓഫീസർ രാകേഷ്, റേഡിയോ മാറ്റൊലി ഡയറക്ടർ ഫാ. ബിജോ, മറ്റു തെരഞ്ഞെടുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഇന്നു (മാർച്ച് 20) രാവിലെ 10.30ന് സുൽത്താൻ ബത്തേരി മാർ ബസേലിയോസ് കോളജിലും 11ന് കോ-ഓപറേറ്റീവ് കോളജിലും സ്വീപ് തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടി നടക്കും.