സാമൂഹ്യനീതി വകുപ്പ്  മുഖേന നടപ്പിലാക്കി വരുന്ന നേര്‍വഴി പദ്ധതി സംബന്ധിച്ച ശില്പശാല  നടത്തി. ജില്ലാ പ്രൊബേഷന്‍ ഓഫീസും ജില്ലാനിയമ സേവന അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശന്‍ നിര്‍വഹിച്ചു. ആധുനിക സമൂഹത്തില്‍ ഏറ്റവും പരിഷ്‌കൃത നിയമം എന്നനിലയില്‍ നല്ലനടപ്പ് നിയമത്തെ പോലീസും നീതിന്യായ വ്യവസ്ഥയും കാണണമെന്നും അവിചാരിതമായി കുറ്റകൃത്യത്തില്‍ ചെന്ന് പെടുന്ന വ്യക്തിയെ പുനരധിവസിപ്പിക്കാന്‍ പ്രൊബേഷന്‍ ഓഫീസറുടേയും സാമൂഹ്യനീതി വകുപ്പിന്റേയും സഹായങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. 1958ല്‍ നിലവില്‍വന്ന നല്ല നടപ്പു നിയമം ഫലപ്രദമായി ഉപയോഗിച്ചാല്‍ മനുഷ്യാവകാശത്തിന്റെ ഉത്തമ മാതൃകയായി ഇന്ത്യ മാറുമെന്നും നിയമമേഖലകളിലുള്ളവര്‍ ഇതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണര്‍ പി.കെ. മധു മുഖ്യാതിഥിയായി. ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറി ആര്‍. സുധാകാന്ത്, ഡി.സി.ആര്‍.ബി എ.സി.പി എം. അനില്‍കുമാര്‍, സ്‌പെഷ്യല്‍ പ്രൊബേഷന്‍ ഓഫീസര്‍ കെ.കെ. സുബൈര്‍, ജില്ല ജയില്‍ വെല്‍ഫയര്‍ ഓഫീസര്‍ ജോര്‍ജ് ചാക്കോ, പ്രൊബേഷന്‍ അസിസ്റ്റന്റ് റോയി ഡേവിഡ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സാമൂഹ്യനീതി ഒഫീസര്‍ പി. സുധീര്‍ കുമാര്‍ അധ്യക്ഷനായി. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എന്‍. ഷണ്‍മുഖദാസ്, സി.എസ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.