തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള വോട്ടുവണ്ടി പ്രയാണത്തിന് കൽപ്പറ്റയിൽ ഉജ്ജ്വല തുടക്കം. സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രോഗ്രാമിന്റെ ഭാഗമായാണ് വോട്ടുവണ്ടി നഗര-ഗ്രാമീണ വഴികളിലൂടെ യാത്ര ആരംഭിച്ചത്. പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ജില്ലാ കളക്ടർ എ.ആർ അജയകുമാർ ഫ്‌ളാഗ്ഓഫ് ചെയ്തു. ഭരണഘടന അനുവദിച്ചു നൽകുന്ന ഏറ്റവും വലിയ ജനാധിപത്യാവകാശം വിവേകപൂർവം വിനിയോഗിക്കാൻ എല്ലാ വോട്ടർമാരും തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവും മികച്ച രീതിയിൽ ജനാധിപത്യ സംവിധാനം പുലരുന്നതിനു വേണ്ടിയാവണം വോട്ടവകാശം വിനിയോഗിക്കേണ്ടത്. ഏപ്രിൽ 23ന് എല്ലാവരും പോളിങ് ബൂത്തിലെത്തണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പ് ബോധവൽക്കരണ പര്യടനം നടത്തുന്ന കുടുംബശ്രീ കലാജാഥയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ഹരിത തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കുന്നതിന്റെ ഉദ്ഘാടനം സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് നിർവഹിച്ചു.
കൽപ്പറ്റ എംഇഎസ് വിമൻസ് കോളജ് വിദ്യാർത്ഥികളുടെ ഫ്‌ളാഷ് മോബ് അവതരണത്തോടെയായിരുന്നു വോട്ടുവണ്ടി പ്രയാണം തുടങ്ങിയത്. വോട്ട് ചെയ്യൂ, ജനാധിപത്യത്തിൽ പങ്കാളികളാവൂ എന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുക്കപ്പെട്ട വോട്ടിങ് അംബാസിഡർമാർ അണിനിരന്നു. ഭിന്നശേഷിക്കാരായ വോട്ടർമാരെ പ്രതിനിധീകരിച്ച് ഡോ. കൃഷ്ണപ്രിയ, മുതിർന്ന വോട്ടറും സ്വാതന്ത്രസമര സേനാനിയുമായ എ.എസ് നാരായണപിള്ള, ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സജ്ന, പാരമ്പര്യ കർഷകനായ ചെറുവയൽ രാമൻ, കന്നി വോട്ടറായ നാഷണൽ യൂത്ത് പാർലമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച ജോസഫ് ജെയിംസ്, ട്രാൻസ്ജെന്റർ വോട്ടർ ബൈജു സോണി എന്നിവരാണ് ഇത്തവണത്തെ അംബാസിഡർമാർ. ഇവരെ കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് ഇ. സുരേഷ് ബാബു പരിചയപ്പെടുത്തി. വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അംബാസിഡർമാർ പൊതുജനങ്ങളുമായി സംവദിച്ചു. തുടർന്ന് വോട്ടുവണ്ടിയിൽ മോക് പോളിങ് നടത്തി. തുടർന്ന് കുടുംബശ്രീ റോസി തിയേറ്റേഴ്‌സിന്റെ കലാപരിപാടിയും അരങ്ങേറി.
കോളനികൾ, കോളേജുകൾ, ഗ്രാമപ്രദേശങ്ങൾ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വോട്ടുവണ്ടി ബോധവൽക്കരണ യാത്ര നടത്തും. വൈത്തിരി ടൗൺ, ചുണ്ടേൽ, കൽപ്പറ്റ എന്നിവിടങ്ങളിൽ വോട്ടുവണ്ടി മാർച്ച് 22ന് പര്യടനം നടത്തും. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി. റംല, സ്വീപ് നോഡൽ ഓഫീസർ എൻ.ഐ ഷാജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി വിജയകുമാർ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ബി.കെ സുധീർ കിഷൻ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർ, വൈത്തിരി തഹസിൽദാർ കെ. മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.