V

ആലപ്പുഴ: മറ്റു മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോൾ ബാധകമായ നിയമ വ്യവസ്ഥകൾ സോഷ്യൽ മീഡിയ തിരഞ്ഞെടുപ്പ് പ്രചരണത്തിനും ബാധകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളെക്കുറിച്ചും സത്യവാങ്മൂലം നൽകണം. നാമനിർദ്ദേശ പത്രികയിൽ ടെലഫോൺ നമ്പർ, ഇ-മെയിൽ വിലാസം ഉണ്ടെങ്കിൽ അത് ആധികാരിക സോഷ്യൽ മീഡിയ അക്കൗണ്ട് എന്നിവയെക്കുറിച്ചാണ് വിവരം നൽകേണ്ടത്. സോഷ്യൽ മീഡിയയിലെ ഏതൊരു പരസ്യവും തിരഞ്ഞെടുപ്പ് പ്രചരണ ചെലവിന്റെ ഭാഗമായിരിക്കും.
തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച അന്നു മുതൽ രാഷ്ട്രീയ കക്ഷികൾ, സ്ഥാനാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ബാധകമായ പെരുമാറ്റച്ചട്ടം സോഷ്യൽ മീഡിയ വെബ്സൈറ്റടക്കം ഇന്റർനെറ്റിൽ പോസ്റ്റു ചെയ്യുന്ന എല്ലാ ഉള്ളടക്കത്തിനും ബാധകമാണ്. സ്ഥാനാർഥികളും രാഷ്ട്രീയ കക്ഷികളും ഒഴികെ മറ്റു വ്യക്തികൾ പോസ്റ്റു ചെയ്യുന്ന ഉള്ളടക്കം സഥാനാർഥിയുടെയോ രാഷ്ട്രീയ കക്ഷിയുടെയോ തിരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെടുത്താനാവുമെങ്കിൽ അക്കാര്യത്തിൽ വാർത്താവിനിമയ മന്ത്രാലയവുമായി കൂടിയാലോചിച്ച് കമ്മീഷൻ തീരുമാനമെടുക്കും. സോഷ്യൽ മീഡിയ പരസ്യങ്ങൾക്കും മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിങ് കമ്മറ്റി (എം.സി.എം.സി.)യുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം.
ഏതെങ്കിലും രാഷ്ട്രീയപരമായ ഉള്ളടക്കം സന്ദേശമായോ പ്രതികരണമായോ ചിത്രമായോ വീഡിയോ ആയോ വ്യക്തികൾ ബ്ലോഗിലോ സ്വന്തം അക്കൗണ്ടുകളിലോ പോസ്റ്റു ചെയ്യുന്നത് രാഷ്ട്രീയ പരസ്യമായി പരിഗണിക്കാത്തതിനാൽ മുൻകൂർ അനുമതി ആവശ്യമില്ല. എന്നാൽ ഇതേ ഉള്ളടക്കം രാഷ്ട്രീയ കക്ഷിയോ സ്ഥാനർഥിയോ പോസ്റ്റു ചെയ്താൽ മുൻകൂർ അനുമതി വാങ്ങിയിരിക്കണം.
അച്ചടി മാധ്യമങ്ങളിലും ഇ-പേപ്പറിലും രാഷ്ട്രീയ പരസ്യം ചെയ്യുന്നതിന് എം.സി.എം.സി.യിൽ നിന്ന് മുൻകൂർ അനുമതി തേടിയിരിക്കണം. സോഷ്യൽ മീഡിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കീഴിൽ പ്രത്യേക സമൂഹ മാധ്യമ സെൽ പ്രവർത്തിക്കും. വോട്ടർമാർ, ബോധവൽക്കരണം, എം.സി.എം.സി. മുൻകൂർ അനുമതി, മാതൃക പെരുമാറ്റച്ചട്ടം എന്നിവയെക്കുറിച്ചും ഈ കേന്ദ്രത്തിലൂടെ വിവരം ലഭ്യമാക്കും.
വിക്കിപീഡിയ പോലുള്ള സംഘടിത പദ്ധതികൾ, ട്വിറ്റർ പോലുള്ള ബ്ലോഗ്, മൈക്രോബ്ലോഗ്, യുട്യൂബ് പോലുള്ള വാർത്തധിഷ്ഠിത സമൂഹം, ഫേസ്ബുക്കുപോലുള്ള സമുഹ മാധ്യമങ്ങൾ, ആപുകൾ ഉൾപ്പെടെയുള്ള വെർച്വൽ ഗയിം തുടങ്ങി അഞ്ചു വ്യത്യസ്ത വിഭാഗങ്ങളായാണ് ഇവയെ പരിഗണിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.