ആലപ്പുഴ: പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ
വന്നിരിക്കുന്ന സാഹചര്യത്തിൽ എതെങ്കിലും തരത്തിലുള്ള പെരുമാറ്റച്ചട്ടലംഘനം കർശനമായി നേരിടുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. 50,000 രൂപയിൽ അധികം കൈയിൽ കൊണ്ടുനടക്കുന്നപക്ഷം പണത്തിന്റെ ഉറവിടം, ആവശ്യം, അടക്കമുള്ള വിവരങ്ങൾ സാധൂകരിക്കാനാവശ്യമായ രേഖകൾകൂടി കൈയിൽ കരുതേണ്ടതാണ്. പെരുമാറ്റച്ചട്ടലംഘനങ്ങളോ നിയമ വിരുദ്ധ നടപടികളോ ഉണ്ടാകുന്നത് തടയാൻ ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവ്വയിലൻസ് ടീം, ആദായനികുതി പരിശോധന സ്‌ക്വാഡ് എന്നിവരെ ജില്ലയിലുടനീളം വിന്യസിച്ചിട്ടുണ്ട്. അനധികൃത പണത്തിന്റെ ഒഴുക്ക് തടയാനായി ഈ സംഘങ്ങൾ വാഹനപരിശോധനയടക്കമുള്ളവ നടത്തുമ്പോൾ പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.