തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നത് വരെ ഏതൊക്കെ വഴികളിലൂടെയാണ് കടന്നു പോകുന്നതെന്ന കൃത്യമായ സമയ -സ്ഥല വിവരങ്ങള്‍ പോലീസ് അധികൃതരെ അറിയിക്കണം. ഒരു പ്രദേശത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഭരണകൂടം പ്രഖ്യാപിക്കുന്ന ഉത്തരവുകളും ഗതാഗത നിയന്ത്രണങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍ശനമായി പാലിക്കണം. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പ്രചാരണ ജാഥയ്ക്ക് മുമ്പു തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കണം. നീളം കൂടിയ ജാഥയ്ക്കിടയില്‍ നിശ്ചിത അകലം സൃഷ്ടിച്ച് പൊതുജനങ്ങള്‍ക്ക് യാത്രാ സൗകര്യമൊരുക്കണം. റോഡിന്റെ വലതു വശം ചേര്‍ന്നാണ് ജാഥ മുന്നോട്ട് പോകേണ്ടത്, കൂടാതെ ഡ്യൂട്ടിയിലുള്ള പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതവുമായിരിക്കണം. രണ്ടോ അതിലധികമോ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു സ്ഥലത്ത് ഒരേ സമയത്ത് പ്രചാരണ ജാഥ നടത്തുകയാണെങ്കില്‍ സംഘട്ടനത്തിലേര്‍പ്പെടാതിരിക്കാനും പൊതുജനങ്ങള്‍ക്ക് യാത്രാ തടസ്സമുണ്ടാക്കാതിരിക്കാനും പോലീസുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണം. ജാഥയ്ക്കിടയില്‍ അണികള്‍ അനഭിലഷണീയമായ രീതിയില്‍ പെരുമാറാതിരിക്കാന്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ജാഗ്രത പാലിക്കണം. എതിര്‍പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികളുടെയും നേതാക്കളുടെയും പ്രതിമ, കോലം തുടങ്ങിയവ നിന്ദാസൂചകമായി കത്തിക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല.