സ്പെഷ്യല്‍ ഒളിമ്പിക്സിലെ മെഡല്‍ തിളക്കവുമായെത്തിയ കോട്ടയത്തിന്‍റെ താരങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന്‍റെ ആദരം. യു.എ.ഇയില്‍ നടന്ന സ്പെഷ്യല്‍ ഒളിമ്പിക്സില്‍ വിവിധ ഇനങ്ങളില്‍ മെഡല്‍ നേടിയ എട്ടു പേര്‍ക്കാണ് സ്വീകരണം നല്‍കിയത്. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഉദ്ഘാടനം ചെയ്തു. 
നീന്തലലില്‍ സ്വര്‍ണം നേടിയ അന്തിനാട് ശാന്തിനിലയം സ്പെഷ്യല്‍ സ്കൂളിലെ  വിശാന്ത്, വെള്ളിമെഡല്‍ ജേതാക്കളായ ഏറ്റുമാനൂര്‍ സാന്‍ജോസ് സ്പെഷ്യല്‍ സ്കൂളിലെ വിറ്റോ പി. വിന്‍സെന്‍റ് (4-400 റിലേ), പാലാ സ്നേഹാശ്രമം സ്പെഷ്യല്‍ സ്കൂളിലെ ഡെസി തോമസ്, മണ്ണക്കനാട് ഹോളി ക്രോസ് സ്കൂളിലെ ഷിമിത ഷിബു(ഇരുവരും ഫുട്സാല്‍) കോട്ടയം അനുഗ്രഹ സ്പെഷ്യല്‍ സ്കൂളിലെ ടോണി ഡൊമിനിക് (യൂണിഫെഡ് ബാസ്ക്കറ്റ് ബോള്‍), വെങ്കല മെഡല്‍ നേടിയ അന്തിനാട് ശാന്തിനിലം സ്പെഷ്യല്‍ സ്കൂളിലെ മഞ്ജു മാത്യു, കോട്ടയം അനുഗ്രഹ സ്പെഷ്യല്‍ സ്കൂളിലെ ജെ. ബിജിമോള്‍(ഇരുവരും വോളിബോള്‍) അപ്ലോണിയ ജോര്‍ജ്(100 മീറ്റര്‍, 500 മീറ്റര്‍ സൈക്ലിംഗ്) എന്നിവര്‍ക്കും പരിശീലകരായ മണ്ണക്കനാട് ഹോളി ക്രോസ് സ്പെഷ്യല്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റാണി ജോ, ഏറ്റുമാനൂര്‍ സാന്‍ജോസ് വിദ്യാലയത്തിലെ അധ്യാപകന്‍ ഷിജു എന്നിവര്‍ക്ക് കളക്ടര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. 
സ്പെഷ്യല്‍ ഒളിമ്പിക്സിലെ അനുഭവങ്ങള്‍ സിസ്റ്റര്‍ റാണി ജോ വിശദീകരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി രഞ്ജിനി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ഈശ പ്രിയ, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ. റോയ് മാത്യു വടക്കേല്‍, സ്പെഷ്യല്‍ ഒളിമ്പിക്സ് ബോര്‍ഡ് കേരള ഏരിയ ഡയറക്ടര്‍  ഫാ. റോയി കണ്ണന്‍ചിറ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്,             വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ഷൈലകുമാരി, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ കോച്ച് ലാലു ജോണ്‍ എന്നിവര്‍ സംസാരിച്ചു.