സൂര്യാഘാതം മൂലമുണ്ടാകുന്ന ഗുരുതരമല്ലാത്ത രോഗ ലക്ഷണങ്ങൾക്ക്  ഹോമിയോ സ്ഥാപനങ്ങളിൽ പ്രതിവിധി ലഭ്യമാണെന്ന് ഡയറക്ടർ കെ. ജമുന അറിയിച്ചു. ചൂടുകുരു, സൂര്യതാപം മൂലമുള്ള ലഘുവായ പൊള്ളൽ, കരുവാളിപ്പ് എന്നിവയ്ക്ക് മരുന്നുകൾ ഹോമിയോ ആശുപത്രികളിൽ നിന്നും ലഭിക്കും.
സൂര്യനിൽ നിന്നുള്ള വികിരണങ്ങൾ ഏൽക്കുമ്പോൾ ശരീരകോശങ്ങൾ ക്രമാതീതമായി നശിക്കും. നിർജ്ജലീകരണം, ചൂടുകുരു/വെപ്പ് (മിലിയേരിയ) എന്നിവയ്ക്ക് ഇത് കാരണമാകും. നിർജ്ജലീകരണം തടയാൻ ഒരു ദിവസം കുറഞ്ഞത് മൂന്നുലിറ്റർ വെള്ളമെങ്കിലും കുടിക്കണം. മദ്യം, ചായ, കാപ്പി, കോളകൾ തുടങ്ങിയവ ഉപേക്ഷിക്കണം.•പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക ഉപ്പിട്ടനാരങ്ങാവെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പനംനൊങ്ക് തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. ഇളം നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ചൂടിനെ പ്രതിരോധിക്കും.
സൂര്യാഘാതം മൂലം പൊള്ളലേറ്റ ഭാഗത്ത് നീറ്റലും വേദനയും പുകച്ചിലും ഉണ്ടാകും. തൊലി ചുവക്കുന്നതോടൊപ്പം വേദന അനുഭവപ്പെടുന്നതും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ചിലരിൽ പനി, ഛർദ്ദി, കുളിര് എന്നിവയും കാണാറുണ്ട്. ശരീരം തണുപ്പിക്കുകയാണ് പ്രാഥമിക ചികിത്സയിൽ പ്രധാനം. തണുത്ത വെള്ളം കൊണ്ട് ദേഹമാസകലം തുടയ്ക്കണം തുടർന്ന രോഗിയെ എത്രയും വേഗം ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കണം.