പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു

പൊതു തെരഞ്ഞെടുപ്പിനു ജില്ല സജ്ജമായി. അവസാനഘട്ട ഒരുക്കങ്ങളിൽ മുഴുകിയിരുക്കുകയാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. താലൂക്ക് അടിസ്ഥാനത്തിൽ പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർക്കുമുള്ള പരിശീലനവും ആരംഭിച്ചു. മാനന്തവാടി സെന്റ് പാട്രിക് സ്‌കൂളിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും സബ് കളക്ടറുമായ എൻ.എസ്.കെ ഉമേഷ് പരിശീലനത്തിന് തുടക്കംകുറിച്ചു. കൽപ്പറ്റ താലൂക്കുതല പരിശീലനം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ റോഷ്‌നി നാരായണൻ എസ്.കെ.എം.ജെ പ്ലസ്ടു കെട്ടിടത്തിൽ ഉദ്ഘാടനം ചെയ്തു. പതിനാറ് പ്രധാന പരിശീലകരുടെ നേതൃത്വത്തിലാണ് വോട്ടിങ് സംവിധാനത്തിലും പോളിങ് ബുത്തുകളിലെ നടപടി ക്രമങ്ങളിലും പോളിങ് ഓഫീസർമാർക്ക് പരിശീലനം നൽകുന്നത്. നിലവിൽ രണ്ടു താലൂക്കുകളിലായി എഴുന്നൂറോളം ഓഫീസർമാർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. മാർച്ച് 31-നുള്ളിൽ പരിശീലനം പൂർത്തിയാക്കാനാണ് ലക്ഷ്യം. വിവിധ കാരണങ്ങളാൽ പരിശീലനത്തിന് എത്താൻ കഴിയാത്തവർക്കും ഈ മാസം 31നു തന്നെ പരിശീലനം നൽകും. മറ്റുള്ള പോളിങ് ഓഫീസർമാർക്കായി പൊതു പരിശീലനവും നൽകും. പരിശീലനത്തിന് ജില്ലാ നോഡൽ ഓഫീസറും സുൽത്താൻ ബത്തേരി തഹദിൽദാറുമായ വി. അബുബക്കർ മേൽനോട്ടം വഹിച്ചു. താലൂക്കടിസ്ഥാനത്തിൽ തഹദിൽമാരും ഇലക്ടറൽ രജ്‌സ്‌ട്രേഷൻ ഓഫീസർമാരുമായ കെ. ദിവാകരൻ, കെ. മണികണ്ഠൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.