സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നു ലഭിക്കേണ്ട സേവനം ജനങ്ങള്‍ക്ക് ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ടൗണ്‍ ഹാളില്‍ തൃശൂര്‍ ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഇ-ഗവേണന്‍സ് നടപ്പാക്കിയതിന്റെ പ്രഖ്യാപനവും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഇ-ഓഫീസ് ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇ-ഗവേണന്‍സ് പ്രവര്‍ത്തനം കാര്യക്ഷമമായാല്‍ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യവും അഴിമതിരഹിതവും ആകും. ഇത്തരം സാങ്കേതിക വിദ്യകള്‍ വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ അതു മനസ്സിലാക്കി കാലത്തിനൊപ്പം എത്തണം. എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് മികച്ച സേവനം ലഭിക്കൂ. അങ്ങനെ ചെയ്താല്‍ നിലാവിലുളള എല്ലാ പരാതികളും പരിഹരിക്കാന്‍ കഴിയും. ഇ-ഗവേണന്‍സിന്റെ പ്രഖ്യാപനം നടന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥ സമൂഹം പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇ-ഗവേണന്‍സ് പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുക എന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള വിവര സാങ്കേതിക വകുപ്പ് വികസിപ്പിച്ചിട്ടുളള മാതൃക പദ്ധതിയാണ് ഇ-ഓഫീസ് സംവിധാനം. സര്‍ക്കാര്‍ സേവനങ്ങളുടെയും ഭരണനിര്‍വ്വഹണത്തിന്റെയും കാര്യക്ഷമതയും ഗുണമേന്മയും വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം സമയബന്ധിതമായി സുതാര്യതയോടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഈ സംവിധാനത്തിലൂടെ കഴിയും. ഭരണ നിര്‍വ്വഹണത്തിന്റെ വേഗതയും എളുപ്പത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കുവാനും സാധിക്കും. കടലാസ് രഹിത ഓഫീസ് എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിനുളള ആദ്യ പടികൂടിയാണ് ഇ-ഓഫീസ് സംവിധാനം. കേരള സെക്രട്ടറിയേറ്റിലും ചില കളക്ടറേറ്റുകളിലും ഈ സംവിധാനമുണ്ട്. നാഷണല്‍ ഇന്‍ഫര്‍മേറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ഈ സോഫ്റ്റ് വെയര്‍ പഞ്ചായത്ത് വകുപ്പില്‍ ഏറ്റവും ആദ്യം വിന്യസിയ്ക്കുന്ന ജില്ലാതല ഓഫീസായി തൃശൂര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ഇതോടെ മാറി.
യോഗത്തില്‍ ജില്ലാ പഞ്ചായത്തിന്റെ ആക്ടിംഗ് പ്രസിഡണ്ടായ കെ പി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി പി എസ് വിനയന്‍, പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എം പി അജിത്കുമാര്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി എന്‍ വിനയന്‍കുമാര്‍ സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ടി ഐ സുരേഷ് നന്ദിയും പറഞ്ഞു. സംസ്ഥാന സിവില്‍ സര്‍വീസ് മേളയില്‍ ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ചരെ കൃഷി മന്ത്രി ആദരിച്ചു.