പ്രചാരണത്തിന് ഫ്‌ളക്‌സ് ബോർഡുകൾ ഉൾപ്പെടെയുള്ള അജൈവ വസ്തുക്കൾ നിരോധിച്ച പശ്ചാത്തലത്തിൽ പൊതു തെരഞ്ഞെടുപ്പ് ‘ഹരിത’മാക്കാൻ ഹരിതകേരളം മിഷന്റെ നിർദേശങ്ങൾ. ബോർഡുകൾ സ്ഥാപിക്കുന്നതിനല്ല, പ്രകൃതിക്ക് ദോഷകരമായ വസ്തുക്കൾ ഉപയോഗിക്കുന്നതിനാണ് നിരോധനം. ഇക്കാരണത്താൽ കോട്ടൺ തുണിയിൽ പ്രിന്റ് ചെയ്തതോ എഴുതി തയ്യാറാക്കിയതോ ആയ ബോർഡുകൾ, കോട്ടൺ തുണിയും പേപ്പറും ഉൾപ്പെടുന്ന മീഡിയം ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന ബോർഡുകൾ എന്നിവ ഉപയോഗിക്കാം. കൂടാതെ പനമ്പായ, പുൽപ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ചും ആകർഷകമായ രീതിയിൽ ബോർഡുകളും പ്രചാരണ സാമഗ്രികളും ഉണ്ടാക്കാൻ കഴിയും. അനുമതിയുള്ള സ്ഥലങ്ങളിൽ ഡിജിറ്റൽ ബോർഡുകളും സ്ഥാപിക്കാം.
കൊടികളും തോരണങ്ങളും കോട്ടൺ തുണിയിലോ പേപ്പറിലോ നിർമിക്കാം. ഭവനസന്ദർശനത്തിന് പോവുന്ന സ്ഥാനാർത്ഥികളുടെ സ്‌ക്വാഡുകൾ ഓരോ സ്റ്റീൽ ബോട്ടിൽ കൂടി സഞ്ചിയിൽ കരുതിയാൽ കുപ്പിവെള്ളം ഒഴിവാക്കാം. പര്യടനത്തിന് ഉപയോഗിക്കുന്ന വാഹനത്തിൽ വാട്ടർ ഡിസ്‌പെൻസറും സ്റ്റീൽ കപ്പും കൂടി കരുതിയാൽ മതിയാവും. പര്യടന വാഹനങ്ങൾ അലങ്കരിക്കുന്നതിന് പ്രകൃതിസൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഫ്‌ളക്‌സും പ്ലാസ്റ്റിക്കും തെർമോകോളും ഉൾപ്പെടെയുള്ള സാധനങ്ങൾ പൂർണമായി ഒഴിവാക്കി തുണിയും പേപ്പറും ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ച് വാഹനങ്ങൾ അലങ്കരിക്കാം.