ഹരിത തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികളുടെ സ്വീകരണ പരിപാടികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്ക് മുൻഗണന നൽകാൻ നിർദേശം. സ്വീകരണഹാരങ്ങൾ പ്ലാസ്റ്റിക് അല്ലെന്ന് ഉറപ്പുവരുത്തണം. പൂക്കൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഹാരങ്ങൾ, കോട്ടൺനൂൽ, തോർത്ത് തുടങ്ങിയവ പകരം ഉപയോഗിക്കാം. പ്രവർത്തകർ ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന സന്ദർഭങ്ങളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പാഴ്‌സലുകൾ, പേപ്പർ/പ്ലാസ്റ്റിക്/തെർമോകോൾ എന്നിവയിൽ നിർമിതമായ ഡിസ്‌പോസിബിൾ കപ്പുകൾ, പ്ലേറ്റുകൾ എന്നിവ ഒഴിവാക്കി സ്റ്റീൽ പ്ലേറ്റ്, സ്റ്റീൽ/ചില്ല് ഗ്ലാസുകൾ എന്നിവ നിർബന്ധമാക്കണം. മാലിന്യങ്ങളും മാരകരോഗങ്ങളും മഴക്കാലത്തെ പകർച്ചവ്യാധികളും ഒഴിവാക്കാം. തെരഞ്ഞെടുപ്പ് ചെലവും കുറയും.
ഹരിതസന്ദേശങ്ങൾ പ്രചരിപ്പിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ മുൻകൈയെടുക്കണം. തെരഞ്ഞെടുപ്പ് നോട്ടീസുകളിൽ ഹരിതസന്ദേശങ്ങൾ കൂട്ടിച്ചേർക്കണം. പ്രകൃതിസൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിച്ചുള്ള പ്രചാരണ രീതിയെക്കുറിച്ചോ പ്രകൃതിസൗഹൃദ പ്രവർത്തനങ്ങൾക്ക് നൽകുന്ന മുൻഗണനയെക്കുറിച്ചോ ഉള്ള അഭ്യർത്ഥന നോട്ടീസിൽ ചേർക്കാം. ഫ്‌ളക്‌സുകൾക്കു പകരം ചുവരെഴുത്ത് പ്രചാരണത്തിന് ഊന്നൽ നൽകണം.