പൊതു തിരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാന്‍ പ്രത്യേക ആപ്ലിക്കേഷനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പി.ഡബ്ല്യു.ഡി. (പേഴ്സണ്‍ വിത്ത് ഡിസെബിലിറ്റി) എന്ന പേരില്‍ ഇറക്കിയ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാം. ശാരീരിക വൈകല്യമുള്ളവര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാനും സേവനങ്ങള്‍ ആവശ്യപ്പെടാനു ആപ്പിലൂടെ സാധിക്കും. പി.ഡബ്ല്യു.ഡി. വോട്ടര്‍ എന്ന നിലയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും നിലവിലെ വോട്ടര്‍ ലിസ്റ്റില്‍നിന്ന് പി.ഡബ്ല്യു.ഡി. വോട്ടര്‍ ആകുന്നതിനുമുള്ള സൗകര്യവും ആപ്പില്‍ ലഭ്യമാണ്. അനുയോജ്യമായ പോളിങ് സ്റ്റേഷന്‍, പ്രത്യേക ക്യൂ എന്നിവ ലഭിക്കാന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കമ്മിഷന്‍ സൗകര്യമൊരുക്കും. ആപ്പിലൂടെ വീല്‍ച്ചെയറും ആവശ്യപ്പെടാവുന്നതാണ്. പോളിങ് ബൂത്ത് കണ്ടെത്തുന്നതിനും നാവിഗേഷന്‍ സെറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യവും ആപ്ലിക്കേഷനിലൂടെ സാധിക്കും. ജില്ലയില്‍ ഇതുവരെ 6881 ഭിന്നശേഷി വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയതത്. മുഴുവന്‍ ഭിന്നശേഷി വോട്ടര്‍മാര്‍ക്കും വോട്ടു ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കി വോട്ടിങ് 100 ശതമാനം കൈവരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം.