എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശവുമായി കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഹിമസാഗർ എക്‌സ്പ്രസിന് തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിൽ സ്വീകരണം നൽകി. ജോ. ചീഫ് ഇലക്ടറൽ ഓഫീസർ ജീവൻബാബു, സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ ഡോ. രാജേഷ്ചന്ദ്രൻ, സ്വീപ് ജില്ലാ നോഡൽ ഓഫീസർ ഡോ.ടി. ഷാജി എന്നിവർ ചേർന്ന് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തു.
വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷനും ഇന്ത്യൻ റെയിൽവേയും തമ്മിലുള്ള ധാരണയുടെ ഭാഗമായാണ് തിരഞ്ഞെടുപ്പിൽ പങ്കാളിയാകേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബോധവത്കരണ സന്ദേശങ്ങൾ ട്രെയിനുകളിൽ പതിക്കുന്നത്. കേരള എക്‌സ്പ്രസ്, ഹിമസാഗർ എക്‌സ്പ്രസ്, ഹൗറ എക്‌സ്പ്രസ്, ഗുവാഹാട്ടി എക്‌സ്പ്രസ് എന്നീ നാലു ട്രെയിനുകളാണ് പ്രചാരണ പരിപാടിയുടെ ഭാഗമാകുന്നത്.
വോട്ടർ ഹെൽപ്‌ലൈൻ നമ്പറായ 1950 ഉം ഓരോ സംസ്ഥാനത്തെയും ഇലക്ഷൻ ഐക്കണുകളുടെ സന്ദേശങ്ങളും ഇതോടൊപ്പമുണ്ട്. റെയിൽവേയുടെയും തിരഞ്ഞെടുപ്പ് വിഭാഗത്തിലെയും ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.