കഷ്ടപ്പാടുകളെ ഊർജമാക്കിമാറ്റി സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ശ്രീധന്യ സുരേഷിനെ കേരള ഗവർണർ റിട്ട. ജസ്റ്റിസ് പി.സദാശിവം നേരിട്ടെത്തി അഭിനന്ദിച്ചു. കൽപ്പറ്റ ഗവ. റസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഗവർണറുടെ ഭാര്യ സരസ്വതി സദാശിവം, ജില്ലാ കളക്ടർ എ.ആർ അജയകുമാർ, ശ്രീധന്യയുടെ മാതാപിതാക്കളായ കെ.കെ സുരേഷ്, കെ.സി കമല, സഹോദരൻ ശ്രീരാഗ് എന്നിവരും പങ്കെടുത്തു. ശ്രീധന്യയെ അഭിനന്ദിച്ച ഗവർണർ വീട്ടുകാര്യങ്ങളും ചോദിച്ചറിഞ്ഞു. തുടർന്ന് ശ്രീധന്യയുടെ കുടുംബത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കളക്ടർക്ക് നിർദേശം നൽകി. ശ്രീധന്യയുടെ മാതാപിതാക്കളുമായി പ്രശ്‌നങ്ങൾ സംസാരിക്കുമെന്ന് കളക്ടറും ഉറപ്പുനൽകി.
ഗവർണറുടെ സന്ദർശനത്തിൽ ഏറെ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ഉപദേശം ഉൾകൊണ്ട് ചട്ടങ്ങളും നിയമങ്ങളും പാലിച്ച് എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുമെന്നും ശ്രീധന്യ മറുപടി പറഞ്ഞു. അരമണിക്കൂറോളം നീണ്ടുനിന്ന സൗഹൃദ കൂടിക്കാഴ്ച ചായ സത്ക്കാരത്തിനു ശേഷം പിരിഞ്ഞു.
പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി കോളനി സ്വദേശികളായ സുരേഷ്-കമല ദമ്പതികളുടെ മൂന്നുമക്കളിൽ രണ്ടാമത്തെ ആളാണ് ശ്രീധന്യ. ഇരുവരും കൂലി പണിയെടുത്താണ് മക്കളെ പഠിപ്പിച്ചത്. വിവാഹിതയായ ജ്യേഷ്ഠ സഹോദരി സുഷിത ഒറ്റപ്പാലം സിവിൽ കോടതി ഓഫീസ് അറ്റന്ററാണ്. സഹോദരൻ ശ്രീരാഗ് മീനങ്ങാടി പോളിടെക്‌നിക് കോളേജ് രണ്ടാംവർഷ ഇലക്ട്രിക്കൽ എൻജിനീയർ വിദ്യാർത്ഥിയും. പണിപൂർത്തിയാകാത്ത വീട്ടിലാണ് ഈ കുടുംബത്തിന്റെ താമസം. കുടുംബ സ്വത്ത് വീതംവച്ചപ്പോൾ ലഭിച്ച അഞ്ച് സെന്റിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച തുക കൊണ്ടാണ് വീടു നിർമാണം ആരംഭിച്ചത്. പിന്നീട് പുറമ്പോക്ക് ഭൂമിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇതുവരെ കൈവശ രേഖ ലഭിച്ചിട്ടില്ല. മഴയത്ത് തോരാത്ത വീട്ടിൽ കയറിക്കിടക്കണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും മകളുടെ ഈ വിജയം മറ്റുള്ള കുട്ടികൾക്ക് മാതൃകയാവട്ടെയെന്നും അഭിമാനത്തോടെ ശ്രീധന്യയുടെ അമ്മ കമല പറയുന്നു.
കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ശ്രീധന്യ സുഗന്ധഗിരി ട്രൈബൽ ഓഫീസിൽ കുറച്ചുകാലം താത്ക്കാലിക ജോലി ചെയ്തിരുന്നു. പിന്നീട് നെഹ്‌റു യുവ കേന്ദ്രയിൽ തിരുനെല്ലി അപ്പപാറയിൽ സുപ്പർവൈസറായും സേവനമനുഷ്ടിച്ചു. അതിനു ശേഷം ഡിടിപിസിയുടെ എൻ ഊരു പ്രൊജക്ട് കൽപ്പറ്റ സിവിൽ സ്റ്റേഷൻ ഓഫീസിൽ പ്രൊജക്ട് അസിസ്റ്റന്റായും ജോലി ചെയ്തു. അതിനു ശേഷമാണ് സിവിൽ സർവീസ് പരിശീലനത്തിനായി സമയം മാറ്റി വയ്ക്കുന്നത്. കുറിച്യ സമുദായത്തിൽ നിന്നും ആദ്യമായാണ് ഒരു പെൺകുട്ടി ഈ വിജയം കരസ്ഥമാക്കുന്നത്. വയനാട്ടിലെ സ്‌കൂളുകളിൽ നിന്നും ആദിവാസി വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് വലിയ ചർച്ചയാവുന്ന ഒരു സമയം കൂടിയാണിത്. ഈ അവസരത്തിൽ ശ്രീധന്യയുടെ സിവിൽ സർവ്വീസ് നേട്ടം മറ്റുവിദ്യാർത്ഥികൾക്കും വലിയ പ്രചോദനമാകുമെന്നാണ് ജില്ലാഭരണകൂടത്തിന്റെയും പ്രതീക്ഷ.