ജില്ലയിലെ പ്രശ്‌നബാധ്യത, പ്രശ്‌നബാധിത ബൂത്തുകളില്‍ അതീവ സുരക്ഷാ സംവിധാനമൊരുക്കി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം. നിലവില്‍ ജില്ലയില്‍ 26 പ്രശ്‌നബാധിത ബൂത്തുകളും 160 പ്രശ്‌ന സാധ്യതാ ബൂത്തുകളുമാണ് കണ്ടെത്തിയിരിക്കുന്നത്.
മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ 20, മലമ്പുഴയില്‍ രണ്ട്, കോങ്ങാട് നാല് എന്നിങ്ങനെയാണ് പ്രശ്‌നബാധിത ബൂത്തുകളുടെ എണ്ണം. എല്ലാ പ്രശ്‌നബാധിത ബൂത്തുകളിലും മൈക്രോ ഒബ്‌സര്‍വരുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കും. ഇവരുടെ നേതൃത്വത്തില്‍ ബൂത്തിലെത്തുന്ന ഓരോ വോട്ടറുടെയും ചിത്രം പകര്‍ത്തും. ഇതിനായി വീഡിയോഗ്രാഫറെയും ചുമതലപ്പെടുത്തും. പൊലീസ് മൊബൈല്‍ സ്‌ക്വാഡ്, താലൂക്ക്തല ഉദ്യോഗസ്ഥരേയും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടേയും പ്രത്യേക സ്‌ക്വാഡുകള്‍, സെക്കന്റ് മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ പ്രദേശത്ത് അതീവ ജാഗ്രത പുലര്‍ത്തും. ഓരോ ബൂത്തിലും ഒരു എസ്.ഐ, മൂന്ന് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, രണ്ട് വനിതാ പൊലീസുകാര്‍, അഞ്ച് കേന്ദ്ര സേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ വോട്ടര്‍മാര്‍ക്ക് സുരക്ഷയൊരുക്കും. ഇതിന് പുറമെ പ്രശ്‌നബാധിത പ്രദേശത്ത് രണ്ട് എസ്.ഐ.മാര്‍, 18 കേന്ദ്രസേനാ ഉദ്യോഗസ്ഥര്‍ എന്നിവരെയും പ്രത്യേക സ്‌ക്വാഡുകളായി നിയോഗിക്കും.
ജില്ലയിലെ 160 പ്രശ്‌നസാധ്യത ബൂത്തുകളിലും വെബ് ക്യാമറകള്‍ ഘടിപ്പിച്ച് നിരീക്ഷണം ശക്തമാക്കും. തൃത്താല അഞ്ച്, പട്ടാമ്പി എട്ട്, ഷൊര്‍ണൂര്‍ 12, ഒറ്റപ്പാലം 20, കോങ്ങാട് 12, മണ്ണാര്‍ക്കാട് 14, മലമ്പുഴ 16, പാലക്കാട് 12, തരൂര്‍ 14, ചിറ്റൂര്‍ 15, നെന്മാറ 17, ആലത്തൂര്‍ 15 എന്നിങ്ങനെയാണ് പ്രശ്‌നസാധ്യത ബൂത്തുകളുടെ എണ്ണം.